കേരളത്തില്‍ നടക്കുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനം: കുമ്മനം



കോട്ടയം: പൗരാവകാശങ്ങളെ വിലക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് വ്യക്തികളെ തുറുങ്കിലടയ്ക്കുകയും ചെയ്യുന്നത് അടിയന്തരാവസ്ഥയുടെ തനിയാവര്‍ത്തനമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. 

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 47 വര്‍ഷം തികഞ്ഞ ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച 'പൗരാവകാശബോധവും അടിയന്തരാവസ്ഥയും' എന്ന വിഷയത്തില്‍  നടന്ന ‍സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല ജനാധിപത്യം. സെക്രട്ടേറിയറ്റിനു മുന്‍പില്‍നിന്ന് പ്രസംഗിച്ചാല്‍ തുറുങ്കിലടയ്ക്കുകയാണ്. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന പ്രതികാര രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്ര്യത്തെ കുഴിച്ചുമൂടിയെങ്കില്‍ ഇന്ന് പത്രങ്ങളെ ഭരണക്കാരുടെ സ്തുതിപാഠകരാക്കുവാനും തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. അധികാര ദുര്‍വിനിയോഗം നാശത്തിലെത്തിക്കും എന്നും അധികാരത്തിലുള്ളര്‍ ഓര്‍ക്കണം. അടിയന്തരാവസ്ഥയില്‍ ഭരണത്തിലിരുന്ന സിപിഐ ഇതുവരെ തെറ്റുതിരുത്താന്‍ തയാറായിട്ടില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയവരെ പീഡിപ്പിച്ചു. അവര്‍ക്കു വേണ്ട സഹായം എത്തിക്കാനും ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

 അടിയന്തരാവസ്ഥ വിരുദ്ധ സമരപോരാളി പി.കെ. രവീന്ദ്രന്‍ വിഷയാവതരണം നടത്തി. മുന്‍ എംഎല്‍എയും ജനപക്ഷം സംസ്ഥാന പ്രസിഡന്റുമായ പി.സി. ജോര്‍ജ്ജ്, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസവും കൊടിയ പീഡനവും അനുഭവിച്ച പി.കെ. രവീന്ദ്രന്‍, കോത്തല പ്ലാക്കിത്തൊട്ടിയില്‍ പി.കെ. ശിവരാമന്‍ നായര്‍, എസ്എന്‍ പുരം വടക്കോത്തില്‍ വാസുദേവന്‍ നായര്‍, കൂരോപ്പട മുരളീസദനം സരസ്വതി അമ്മ, ളാക്കാട്ടൂര്‍ കുന്നക്കാട്ട് ശാന്തകുമാരി അമ്മ, കെ. ഗുപ്തന്‍ എന്നിവരെ കുമ്മനം രാജശേഖരനും പി.സി. ജോര്‍ജ്ജും ചേര്‍ന്ന് ആദരിച്ചു.


Previous Post Next Post