ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന് ആര് വിശ്വസിക്കും?: ഇപി ജയരാജന്‍




 
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആരോപണം ഉന്നയിച്ച ആള്‍ കേസില്‍പ്പെട്ട് ജയിലിലായിരുന്നു കുറേക്കാലം. അതിനുശേഷം പുറത്തുവന്ന് ആര്‍എസ്എസിന്റെ നേതൃത്വ്തതിലുള്ള സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

ഇപ്പോള്‍ വെളിപാട് വന്നതുപോലെ, രഹസ്യമൊഴി കോടതിയില്‍ നല്‍കിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അതിരൂക്ഷമായ നിലയിലുള്ള, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരോപണത്തിന് പിന്നില്‍ തത്പര കക്ഷികളുണ്ട്. 

ഇത്തരം കാര്യങ്ങളെല്ലാം വെളിപ്പെടുന്ന തരത്തിലുള്ള അന്വേഷണം ആവശ്യമാണ്. അത്തരത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ആര് വിശ്വസിക്കുമെന്ന് ഇപി ജയരാജന്‍ ചോദിച്ചു. കേല്‍ക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കുകയാണോ?. മുഖ്യമന്ത്രിക്ക് ഇതിലെന്താ ബന്ധം?. ബോധപൂര്‍വം കഥയുണ്ടാക്കി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുയാണ്. 

മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപം ഉന്നയിക്കുന്നതിന് പിന്നിലെ ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുന്ന ഒരു ഭീകരപ്രവര്‍ത്തനമാണിത്. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. ഇത്തരം വൃത്തികെട്ട നിലവാരമില്ലാത്ത പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രിയെപ്പോലുള്ള ഉന്നത സ്ഥാനത്തിരിക്കുന്നയാള്‍ മറുപടി പറയേണ്ടതില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 


Previous Post Next Post