നാളത്തെ ഭാരത് ബന്ദ് പ്രചാരണം; മുൻകരുതൽ ശക്തമാക്കി പോലീസ്, നിർദേശവുമായി ഡിജിപി

 


കൊച്ചി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിനെതിരെ നാളെ (20-06-2022) ഭാരത് ബന്ദ് ആണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തോട് പ്രതികരിച്ച് പോലീസ്. സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായതോടെ സജ്ജമായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി.

പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെല്ലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിജിപി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമാണെങ്കിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏതാനം ചില സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി വിശദീകരണം നൽകിയത്.

രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ അഗ്നിപഥ് റിക്രൂട്ട്മെൻ്റ് തീയതികൾ പ്രതിരോധ സേനകൾ പ്രഖ്യാപിച്ചു. വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30ന് ആരംഭിക്കും. ഈ മാസം 25ന് പരസ്യം നൽകുമെന്ന് നാവികസേന അറിയിച്ചു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ് തീയതികൾ പ്രഖ്യാപിച്ചത്.

أحدث أقدم