ചവറയിലാണ് ഈ അതിക്രമം. തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ വീടുകൾക്ക് മുന്നിൽ കൈവശാവകാശം സ്ഥാപിച്ചോ, ജപ്തി നടപടിയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയോ ഉള്ള എഴുത്തുകളാണ്. ഗേറ്റിനു മുന്നിൽ നോട്ടീസും പതിച്ചു. വീടുകളുടെ മുൻവശത്തെ ചുവരുകളിൽ സ്പ്രേ പെയിൻ്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് എഴുത്തുകൾ. രണ്ടു മുതൽ മുകളിലേക്ക് തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളും ഇതിൽ ഉൾപ്പെടുന്നു.
ദീർഘകാലം തിരിച്ചടവ് മുടങ്ങുമ്പോഴാണ് ജപ്തി നടപടികളിലേക്ക് ബാങ്കുകൾ കടക്കുക. എന്നാൽ ഇവിടെ രണ്ട് അടവ് മുടങ്ങിയവരുടെ വീടിനു മുന്നിൽ വരെ, അപമാനിക്കും വിധം ചുവരെഴുത്തുണ്ടായി. നടപടിക്കു മുൻപുള്ള നോട്ടീസു പോലും പലർക്കും കിട്ടിയിട്ടില്ല. വായ്പയെടുത്തവരോട് തൂങ്ങിച്ചാകാൻ കളക്ഷൻ ചുമതലയുള്ള ജീവനക്കാരൻ പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നു. അതേസമയം ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.