ബുർക്കിനി വേണ്ടെന്ന് കോടതി, നീന്താൻ ബിക്കിനിയിൽ ഇളവില്ല; ബീച്ചിലെ 'മതവസ്ത്ര'ത്തിന് നിരോധനവുമായി ഫ്രാൻസ്


പാരീസ്: ബിക്കിനിയ്ക്ക് പകരം സ്ത്രീകൾ അണിയുന്ന ദേഹം മുഴുവൻ മൂടുന്ന ബുര്‍ക്കിനിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാൻസ്. ഫ്രാൻസിലെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് കടൽത്തീരങ്ങളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ബുര്‍ക്കിനി അണിയുന്നത് വിലക്കിയത്. മതപരമായ കാരണങ്ങൾ കൊണ്ട് ബുര്‍ക്കിനി അണിയുന്നത് സര്‍ക്കാരിൻ്റെ മതങ്ങളോടുള്ള തുല്യമായ സമീപനത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.

സാധാരണയായി രാജ്യത്ത് സ്ത്രീകൾ നീന്തൽക്കുളത്തിൽ അണിയുന്നത് ബിക്കിനി ഉൾപ്പെടെയുള്ള നീന്തൽ വസ്ത്രങ്ങളാണ്. എന്നാൽ ബിക്കിനി പോലുള്ള ശരീരം പുറത്തു കാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇസ്ലാം മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ചെറു ന്യൂനപക്ഷം മാത്രമാണ് ബുര്‍ക്കിനി ധരിക്കുന്നത്. എന്നാൽ അഭയാര്‍ഥി പ്രശ്നങ്ങളും മതവും സജീവചര്‍ച്ചയാകുന്ന ഫ്രാൻസിൽ ബുര്‍ക്കിനി ഒരു വിവാദവിഷയമാണ്.

ബുര്‍ക്കിനി നിരോധിച്ചു കൊണ്ടുള്ള കൗൺസിൽ ഓഫ് സ്റ്റേറ്റ് ഉത്തരവിനെ 'മതേതരത്വത്തിൻ്റെ ജയം' എന്നാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിൻ വിശേഷിപ്പിച്ചത്. എന്നാൽ ഉത്തരവ് മതവിശ്വാസത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണെന്നാണ് ചില മുസ്ലീം സ്ത്രീകൾ പ്രതികരിച്ചത്. ഇത് പിന്നോട്ടുള്ള ചുവടുവെയ്പ്പാണെന്നും ഹിജാബ് ധരിക്കുന്ന സ്ത്രീകളെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നും മുസ്ലീം ഫെമിനിസ്റ്റ് സംഘടനയായ ലാലബ് പ്രതികരിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു

പ്രതിപക്ഷത്തുള്ള ഗ്രീൻസ് പാര്‍ട്ടി ഭരിക്കുന്ന ഗ്രനോബള്‍ നഗരസഭ ബുര്‍ക്കിനി ധരിക്കാൻ അനുവദിക്കുകയും നീന്തൽ വസ്ത്രധാരണത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്തതിനു പിന്നാലെയാണ് ഉന്നത കോടതിയുടെ ഉത്തരവ്. പ്രദേശത്തെ ചില ആക്ടിവിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അധികൃതർ നഗരത്തിൽ ബുര്‍ക്കിനിയ്ക്ക് അനുമതി നല്‍കിയത്. നീന്തൽ വസ്ത്രങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നതിൻ്റെ ഭാഗമായി സ്ത്രീകൾക്ക് വേണമെങ്കിൽ സ്തനങ്ങൾ മറയ്ക്കാതെ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും എത്താമെന്നും ഗ്രനോബിൾ മേയര്‍ വ്യക്തമാക്കി. എന്നാൽ ഈ ഇളവുകള്‍ ഫ്രാൻസിൻ്റെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നു കാണിച്ച് പ്രദേശത്തിൻ്റെ ചുമതലയുള്ള പ്രെഫെക്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ നീക്കമാണ് ചൊവ്വാഴ്ച കൗൺസിൽ ഓഫ് സ്റ്റേറ്റ് ശരിവെച്ചത്.

ഗ്രനോബിള്‍ നഗരസഭ 'മതപരമായ ആവശ്യത്തെ' തൃപ്തിപ്പെടുത്തുകയും 'സര്‍ക്കാര്‍ സേവനങ്ങളിലെ തുല്യത'യെ ഹനിക്കുകയുമാണ് ഉത്തരവിലൂടെ ചെയ്തതെന്ന് കൗൺസിൽ വിമര്‍ശിച്ചു. മതതീവ്രവാദം ചെറുക്കാനും രാജ്യത്തെ പരമാധികാരം സംരക്ഷിക്കാനുമെന്ന പേരിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ കൊണ്ടുവന്ന വിവാദനിയമം അനുസരിച്ച് പുറത്തിറക്കിയ ആദ്യ ഉത്തരവാണിത് എന്നതാണ് ശ്രദ്ധേയം.

നീന്തൽക്കുളങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് ഫ്രാൻസിൽ കര്‍ശനമായ നിയമങ്ങളാണ് നിലവിലുള്ളത്. ശുചിത്വം ഉറപ്പാക്കാനാണ് ഈ നിയമങ്ങള്‍ എന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നത്. പൊതു നീന്തൽക്കുളങ്ങളിൽ സ്വിമ്മിങ് ക്യാപ് നിര്‍ബന്ധമാണ്. അയഞ്ഞ ട്രങ്ക്സ് അടക്കമുള്ള വലുപ്പമേറിയ വസ്ത്രങ്ങൾ ധരിച്ച് നീന്തൽക്കുളത്തിൽ ഇറങ്ങാനാകില്ല. ശരീരം പൂ‍ര്‍ണമായും മറയ്ക്കുന്ന വെറ്റ്സ്യൂട്ട്സിനും പലയിടത്തും നിരോധനമുണ്ട്.

അതേസമയം, ചുരുക്കം ചില നഗരങ്ങള്‍ പൊതുസ്ഥലങ്ങളിൽ ബുര്‍ക്കിനി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് നീന്തൽ വസ്ത്രങ്ങളിൽ ഇളവ് നല്‍കുന്നതിൻ്റെ ഭാഗമാണെന്നും മതപരമായ ആവശ്യം മുൻനിര്‍ത്തിയല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് തീരുമാനത്തോട് ഗ്രനോബിള്‍ മേയര്‍ക്ക് എതിര്‍പ്പുണ്ട്. തെരുവിൽ മതവസ്ത്രങ്ങള്‍ ധരിച്ച് മതവിശ്വാസം പ്രകടിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് അത് നീന്തൽക്കുളങ്ങളിലും ആയിക്കൂടാ എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. എന്നാൽ പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ നേതാക്കളും ചില ഇടതുനേതാക്കളും മേയറുടെ തീരുമാനത്തോടു യോജിക്കുന്നില്ല. ബുര്‍ക്കിനി പോലുള്ള നീന്തൽവസ്ത്രങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിൻ്റെ ഭാഗമാണെന്ന് ഇവര്‍ വാദിക്കുന്നു. തീവ്ര ഇസ്ലാമിൻ്റെ കടന്നുകയറ്റത്തിൻ്റെ ഭാഗമാണ് ബുര്‍ക്കിനിയുടെ കടന്നുവരവെന്നും അവര്‍ പറയുന്നു.

Previous Post Next Post