ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ അധികവും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തിൽ നിന്നു സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട ഒരുപിടി നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്. ഇന്ന് ക്രിസ്തു വന്നാൽ എങ്ങനെ ഇടപെടും എന്നു കൃത്യമായി കാഴ്ചയാക്കിയ പരീക്ഷണസിനിമാ ശ്രേണിയിലേക്ക് മലയാളസിനിമയുടെ ശക്തമായ കാൽവയ്പാണ് തിയേറ്ററിൽ എത്തിയ, ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട്.
കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലേക്കു എങ്ങോ നിന്നെത്തുന്ന ചെറുപ്പക്കാരൻ ക്വട്ടേഷനും കൊലയും ഫുൾടൈം ജോബാക്കിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാനിലേക്കും ജീവിതത്തിലേക്കും കയറുന്നതാണ് കഥ.
നന്നായി അറിയാവുന്ന ഒരു കഥയുടെ പുനർവായനയല്ല ഈ സിനിമ. ഓരോ സീനും പുതിയ കണ്ടെത്തലുകളുടെ ത്രില്ല് കാഴ്ചക്കാരിൽ ഉണ്ടാക്കും. ലാസറിനെ കൊന്നുകുഴിച്ചുമൂടിയ ടീം പന്ത്രണ്ട് പിറ്റേന്നത്തെ ദിവസം ക്വട്ടേഷന്റെ കൂലി മേടിക്കാൻ പോകുന്ന വഴി കാഴ്ച, മരിച്ച ലാസർ ഒരു ചായേം കുടിച്ചു കാണുന്ന തട്ടുകടയിലിരിക്കുന്നു! അതു കഴിഞ്ഞ് ലാസർ വളരെ കൂളായി ഒരാളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നു പോവുന്നു. ആ സമയം ഇടവേള എന്ന് സ്ക്രീനിൽ വരുന്നുണ്ടെങ്കിലും കാഴ്ചക്കാർ ത്രില്ലടിച്ച് ബ്രേക്ക് എടുക്കാതെ തീയേറ്ററിൽ തന്നെ ഇരുന്നുപോകും. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയതും. ഡയലോഗുകൾ ചെറുതാണെങ്കിലും കാമ്പും കരുത്തുമുണ്ട്.
ഇമ്മാനുവേൽ എന്ന കേന്ദ്രകഥാപാത്രത്തിനെ പീലി മുതലാളി ഭീഷണിപ്പെടുത്തുന്നു: എന്റെ പിള്ളേരെ വിട്ടു പൊയ്ക്കോ. എന്റെ വേലിയാണവര്. ഇമ്മാനുവേൽ തിരിച്ചടിക്കുന്നു, പക്ഷെ എന്റെ അതിർത്തിയിലാ നീ വേലി കെട്ടിയിരിക്കുന്നെ. കടലും മുഴുനീള കഥാപാത്രമാവുന്ന ഈ സിനിമയിൽ സൈലൻസും ഡയലോഗായി മാറുന്നുണ്ട്. രണ്ടര മണിക്കൂറിൽ ഒരു ഇതിഹാസ കഥയെ അച്ചടക്കത്തോടെ പറഞ്ഞ ലിയോ തദേവൂസിന്റെ കൈയടക്കത്തിന് മുഴുവൻ മാർക്കും കൊടുക്കണം. അൽഫോൻസ് ജോസഫിന്റെ പാട്ടുകൾ ട്രെൻഡിയാണ്. പാട്ടുകളൊന്നും സിനിമയിൽ നിന്നു മാറിനിൽക്കുന്നില്ല. പശ്ചാത്തലസംഗീതം പോലെയാണ് പല പാട്ടുകളും പോകുന്നത്. ഒരു ഫൈറ്റ്സീനിൽ പശ്ചാത്തലം മുഴുനീള പാട്ടാണ്. അൽഫോൻസ് മാജിക് നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്.
പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ പ്രോക്സിലൂടെ ചില കണക്ഷൻസ് കൊണ്ടുവന്നിട്ടുള്ളത് അദ്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലെ വീടുകളുടെ ചുവരുകൾ കടുംനിറമാണ്. അകത്ത് ഒരു സങ്കടമൂഡും. കാരണം സിനിമയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ജോൺ പറയുന്നുണ്ട്: ഈ വീടുകൾക്കു പുറത്തെ നിറമുള്ളൂ, അകത്ത് ബ്ലാക്ക് ആൻഡ് വൈറ്റാണ്, ഇവിടത്തെ ജനങ്ങളെപോലെ
കുറഞ്ഞ സമയംകൊണ്ട് വലിയൊരു കഥ പറയുമ്പോൾ പശ്ചാത്തലവും സംസാരിക്കണമല്ലോ. നന്മയുടെ മണമുള്ള പന്ത്രണ്ട്, മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റുവീശും.
സ്കൈപ്പാസ് എന്റർറ്റെയ്ൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമിച്ച ഈ ചിത്രത്തിൽ ലാൽ, സൂഫി ഫെയിം ദേവ് മോഹൻ, വിനായകൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.