'പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?'; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം


കോഴിക്കോട്: കോഴിക്കോട്ടെ തിയറ്ററുകൾ ചലച്ചിത്രോത്സവങ്ങൾക്ക് വേദിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ പരാമർശമാണ് വിവാദമായത്. കോളാമ്പിയിൽ പാൽപ്പായസം വിളമ്പാൻ കഴിയില്ലെന്ന് കോഴിക്കോട്ടെ തിയറ്ററുകളെകുറിച്ച് വനിതാ ചലച്ചിത്രോത്സവ സംഘാടക സമിതിയോഗത്തിലായിരുന്നു രഞ്ജിത്തിൻറെ പരാമർശം.

തിയറ്റർ ഉടമകൾ കൂടി പങ്കെടുത്ത യോഗത്തിലാണ് സംവിധായകൻ ഇങ്ങനെയൊരു പരാമർശം നടത്തിയത്. രഞ്ജിത്ത് വിവാദ പരാമർശം പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  രഞ്ജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമുയർന്നു.

ജൂലൈ 16,17,18 തിയ്യതികളിൽ കൈരളി - ശ്രീ തിയേറ്ററിൽ  വനിതാ സംവിധായകർ ഒരുക്കിയ 24 സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. സാംസ്കാരികവകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി  സംസ്ഥാന ചലച്ചിത്രഅക്കാദമി  സംഘടിപ്പിക്കുന്ന മൂന്നാമത്  അന്തരാഷ്ട്ര വനിതാ  ചലച്ചിത്രോത്സവത്തിന്റെ  സംഘാടകസമിതി  യോഗം  കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ വെച്ച് നടന്നു.

എളമരം കരീം  എം.പി ഉദ്ഘാടനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ലോഗോ പ്രകാശനവും നടത്തിയ വേദിയിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സ്വർഗചിത്ര അപ്പച്ചൻ, മുരളി ഫിലിംസ് മാധവൻ നായർ, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി എന്നിവരുണ്ടായിരുന്നു.

IFFK പോലുള്ള വലിയ മേളകൾ എന്തുകൊണ്ട് കോഴിക്കോട് നടക്കുന്നില്ല എന്നൊരു ചോദ്യത്തിന് രഞ്ജിത്ത്  നൽകിയ മറുപടി, 'തിരുവനന്തപുരത്തെ പോലെ നല്ല തിയേറ്ററുകൾ  കോഴിക്കോട് ഇല്ല, വെറുതെ എന്തിനാ പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പുന്നത്' എന്നായിരുന്നു. പരാമർശം കോഴിക്കോട്ടുകാരെ  ഒന്നടങ്കം ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആരോപിച്ചു.

സ്വകാര്യ തിയേറ്റർ ഉടമകൾ മേളയ്ക്ക് തിയേറ്റർ വിട്ടു കൊടുക്കില്ല എന്നും രഞ്ജിത് യോഗത്തിൽ പറഞ്ഞു. ഉടൻ തന്നെ അപ്പച്ചൻ, ക്രൗൺ തിയേറ്റർ ഉടമ വിനോദ് എന്നിവർ ഇടപെട്ട് സംസാരിച്ചു, എങ്കിലും  കൂടുതൽ സംവാദത്തിന് ഇടം കൊടുക്കാതെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയാണുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരുന്നു കൊണ്ട് രഞ്ജിത്ത് നടത്തിയ ഈ പരാമർശം ശക്തമായ പ്രതികരണവും പ്രതിഷേധവും അർഹിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ തുടരുകയാണ്.‌

Previous Post Next Post