കണ്ണൂർ: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. തലയ്ക്ക് അടിയേറ്റ കുറുമാത്തൂർ കീരിയാട്ട് തളിയൻ വീട്ടിൽ 78 കാരിയായ കാർത്യായനിക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.