ബഹ്റൈൻ : സഊദി രാജ്യങ്ങളെ തമ്മിൽ ബന്ധിപിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വെച്ച് മദ്യം പിടികൂടിയ കേസിൽ കോട്ടയം സ്വദേശിയെയാണ് ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചത്. തൊണ്ടിമുതൽ സഹിതം പിടികൂടിയ ഇദ്ദേഹത്തിന് ദമാം ക്രിമിനൽ കോടതിയാണ് പ്രാഥമിക ശിക്ഷ വിധിച്ചത്.
രണ്ട് വർഷം ജയിലും 52,651,80 റിയാൽ പിഴയും ശേഷം നാട് കടത്തലുമാണ് ശിക്ഷ വിധിച്ചത്. പിഴ തുക ഏകദേശം പതിനൊന്ന് കോടിയോളം ഇന്ത്യൻ രൂപ വരും. ദമാം ക്രിമിനൽ കോടതി ഡിവിഷൻ ബെഞ്ച് ആണ് ശിക്ഷ വിധിച്ചത്. ദമാമിൽ നിന്ന് പരിചയപ്പെട്ട മറ്റൊരു മലയാളിയുടെ വഞ്ചനയിൽ പെടുകയായിരുന്നു താനെന്നാണ് ഇദ്ദേഹം പറയുന്നത്. പരിചയപെട്ട സുഹൃത്തിനോട് കുടുംബത്തിന്റെ കൊടിയ ദാരിദ്ര്യവും അനുജന്റെ കരൾ സംബന്ധമായ രോഗവിവരങ്ങളും തന്റെ അർബുദ രോഗവും പങ്ക് വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടുകാരൻ ഉടനെ അടിയന്തിര സഹായം ഓഫർ ചെയ്ത് കോട്ടയം സ്വദേശിയെ ട്രൈലറുമായി ബഹറൈനിലേക്കയക്കുകയായിരുന്നു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് ബഹ്‌റൈനിൽ മറ്റൊരു മലയാളിക്ക് വാഹനം ഏൽപ്പിക്കുകയും രണ്ട് ദിവസം കഴിഞ്ഞ് അതെ വാഹനവുമായി മടങ്ങുന്നതിനിടെ കോസ്‌വേയിൽ വെച്ച് രഹസ്യമായി ഒളിപ്പിച്ച നിലയിൽ മദ്യകുപ്പികൾ കണ്ടെത്തുകയുമായിരുന്നു. സഊദിയിലേക്ക് വരുന്നതിനിടെ കോസ്‌വേയിൽ വെച്ച് സഊദി കസ്റ്റംസ് 4000 ഓളം വിദേശ മദ്യക്കുപ്പികളുമായാണ് ഇദ്ദേഹം ഓടിച്ച ട്രൈലർ പിടികൂടിയത്.
ഉടനെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പതിനായിരം റിയാലാണത്രെ വണ്ടി ദമാമിലെത്തിച്ചാൽ കോട്ടയം സ്വദേശിക്ക് ലഭിച്ചിരുന്ന ഓഫർ. വണ്ടിയിൽ മദ്യമുള്ള വിവരം ഇദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. ഞാനൊരു അർബുദ രോഗിയാണെന്നും ഒന്നിലധികം തവണ ഓപറേഷന് വിധയമായിട്ടുണ്ടെന്നും അനുജന്റെ ചികിത്സക്ക് പണമുണ്ടാക്കാനാണ് മലയാളിയുടെ വാക്ക് വിശ്വസിച്ച് ബഹ്റൈനിൽ പോയതെന്നുമാണ് ഇദ്ദേഹം കോടതിയിൽ നൽകിയ മൊഴി.
എന്നാൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, അപ്പീൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ കോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ടെന്ന് ദമാം ക്രിമിനൽ കോടതി പരിഭാഷകൻ പറഞ്ഞു. ശിക്ഷ വിധിക്കപ്പെട്ട മലയാളി അവിവാഹിതനാണ്. സഹോദരൻ കരൾ സംബന്ധമായ രോഗവുമായി ചികിത്സയിലുമാണ്. നാലു വർഷത്തോളമായി സഊദിയിലെ ജിദ്ദയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു മാസമായി ദമാം ഫൈസലിയ്യ സെൻ ട്രൽ ജയിലിൽ കഴിയുകയാണ്.