എന്ത് കുറ്റമാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്ന് വ്യക്തമാക്കണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ലംഘനവും നടന്നിട്ടില്ല. വൃക്കയുള്ള പെട്ടിയുമെടുത്ത് പോയവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് പോകുന്നതിനു പകരം ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. 104 ശസ്ത്രക്രിയകള്‍ ഒരു പ്രശ്‌നവുമില്ലാതെ നടന്ന ഇവിടെ 105ാമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ശസ്ത്രക്രിയയിലെ പിഴവ് ആണെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകും. കേസ് ഉന്നത സമിതി അന്വേഷിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് ആശുപത്രി ഒപിക്ക് മുന്നില്‍ പ്രതിഷേധ സമരവും കെജിഎംസിടിഎ. സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെയായിരുന്നു ഡോക്ടര്‍മാര്‍ സമരം ചെയ്തത്. കെജിഎംസിടിഎ സംസ്ഥാന സമിതി ചേര്‍ന്ന് തുടര്‍സമര പരിപാടികള്‍ തീരുമാനിക്കും. അതേസമയം, പുറത്തുനിന്നുള്ളവര്‍ അവയവമടങ്ങിയ പെട്ടി തട്ടിയെടുത്തെന്ന ആശുപത്രിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.