'കുടുംബത്തെ രക്ഷിക്കുമെന്ന് കരുതി, എന്നാൽ അങ്ങ് നിരാശപ്പെടുത്തി'; മുഖ്യമന്ത്രിക്ക് കത്തുമായി പി സി ജോർജ്


കോട്ടയം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സി ജോർജ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് കണ്ടതെങ്കിലും നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് പി സി ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂർണ്ണമായും ഞാൻ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാൻ പ്രതീക്ഷിച്ചത് സ്വർണ കളളക്കടത്തിന്റെ പേരിൽ ജനമനസ്സിൽ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണെന്ന് പി സി ജോർജ് പറഞ്ഞു.

അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പി സി ജോർജ് വ്യക്തമാക്കി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിക്കെതിരെ മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു. 2016ലെ ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിരുന്നില്ലെന്ന് നിയമസഭാ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ബാഗേഗ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous Post Next Post