പെരുവ: അച്ഛൻ ഓടിച്ച സ്‌കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർഥി മരിച്ചു. അവർമ ആര്യപ്പിള്ളിൽ ദിലീപ്-സുമ ദമ്പതികളുടെ മകൻ ദീപക് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തോടെ പെരുവ-ഇലത്തി റോഡിൽ പെരുവക്ക് സമീപം മുതിരക്കാല വളവിൽ വെച്ചാണ് അപകടം. അച്ചൻ ദിലീപിനോടൊപ്പം വല്ലകത്തെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പെരുവയിൽ നിന്ന് ഇലത്തി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ദിശ തെറ്റിയെത്തി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദിലീപിനും ഗുരുതര പരിക്കേറ്റിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ഏക സഹോദരി ദേവിക (വിദ്യാർഥി).