ഗള്‍ഫ് : ഇന്ത്യയിലേക്ക് (India) പോകുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും (international passengers) എയര്‍ സുവിധ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം (air suvidha self declaration form) പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനാണ് എയര്‍ സുവിധ പോര്‍ട്ടൽ വഴി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കുന്നത്.
എയര്‍ സുവിധ രജിസ്‌ട്രേഷന്‍ പല യാത്രക്കാര്‍ക്കും അസൗകര്യം ഉണ്ടാക്കുന്നുണ്ട്. ഫോം പൂരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിയാത്തതുകൊണ്ട് പലപ്പോഴും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുമുണ്ട്. പല എയര്‍ലൈനുകളും ഫോം പൂരിപ്പിക്കേണ്ടതിന്റെ (form filling) ആവശ്യകതയെ കുറിച്ച് യാത്രക്കാരെ കൃത്യമായി അറിയിക്കുന്നില്ല എന്നതാണ് ഒരു പ്രധാന കാരണം. എന്നാല്‍, ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ വെച്ചോ അതിനു മുമ്പോ എയര്‍ലൈന്‍ സ്റ്റാഫുകള്‍ മിക്ക യാത്രക്കാരെയും ഇതിന്റെ ആവശ്യകതയെ കുറിച്ച് അറിയിക്കുന്നുണ്ട്.
ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍, എയര്‍ലൈനുകള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കില്ല. എയര്‍ സുവിധ ഫോം പൂരിപ്പിക്കാന്‍ കുറച്ച് അധികം സമയമെടുക്കും. ഫോം അപ്ലോഡ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ക്കായി പല യാത്രക്കാരും എയർപോർട്ടിൽ പരക്കം പായാറുണ്ട്. വിമാനത്താവളങ്ങളില്‍ ഇരുന്ന് മൊബൈലില്‍ രേഖകൾ പരതുന്നതും ബന്ധുക്കളുടെ സഹായം തേടുന്നതുമൊക്കെ സാധാരണ കാഴ്ചയാണ്. വിമാനത്താവളങ്ങളില്‍ സൗജന്യ വൈഫൈ ഉള്ളത് പലർക്കും ആശ്വാസമാണ്.
എന്നാല്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവുള്ള ആളാണെങ്കിലോ? ഫോം പൂരിപ്പിക്കുന്ന നടപടിക്രമങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ചില യാത്രക്കാരുടെ വിമാനയാത്ര തടസപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ഇന്ത്യയിലേക്ക് തിരിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. നെഗറ്റീവ് RT-PCR സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്
a) സർക്കാർ നിർദ്ദേശിച്ചിട്ടുള്ളരാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുത്തിരിക്കണം. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍, ഒന്നുകില്‍ കോവിഡ് നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് (യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന) നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. അല്ലെങ്കില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
b) ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒരു രാജ്യത്തു നിന്നാണ് നിങ്ങള്‍ വരുന്നതെങ്കില്‍, കോവിഡ് നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
c) അതിനാല്‍, കൃത്യസമയത്ത് യാത്ര പുറപ്പെടുന്ന രാജ്യത്ത് ടെസ്റ്റ് നടത്തുക.
2. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫോം പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഫോം പൂരിപ്പിക്കുന്നതിന് കട്ട്-ഓഫ് സമയമില്ല. ബോര്‍ഡിംഗിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഫോം പൂരിപ്പിക്കാം. എന്നാല്‍, വിമാനത്താവളത്തില്‍ വച്ച് പൂരിപ്പിക്കാം എന്ന്കരുതി മാറ്റി വയ്ക്കരുത്. കാരണം ഇത് അവസാന നിമിഷത്തെ തിരക്കിന് കാരണമാകും.
3. ഫോം പൂരിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കാന്‍ അര മണിക്കൂര്‍ മാറ്റിവെയ്ക്കുക.
4. ഓരോ യാത്രക്കാരനും, താഴെ പറയുന്ന രേഖകള്‍/വിശദാംശങ്ങള്‍ തയ്യാറാക്കി വെയ്ക്കണം.
a) പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍
b) ഫ്‌ലൈറ്റ് വിശദാംശങ്ങളും സീറ്റ് നമ്പറും: ചെക്ക്-ഇന്‍ ചെയ്യാത്ത യാത്രക്കാര്‍, സീറ്റ് നമ്പറിനു നേരെ ' 00' എന്ന് എഴുതുക. വിമാനത്തില്‍ കയറുന്നതിന് മുമ്പ്, സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സ്വയം എഡിറ്റ് ചെയ്യാനും ശരിയായ സീറ്റ് നമ്പര്‍ നല്‍കാനും യാത്രക്കാരന്‍ ബാധ്യസ്ഥനാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
5. അപ്ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്റുകള്‍
a) പാസ്‌പോര്‍ട്ട്
b) വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
c) ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)
6. ഫയല്‍ സ്‌പെസിഫിക്കേഷനുകള്‍:
a) മുകളില്‍ പറഞ്ഞ എല്ലാ രേഖകളും പിഡിഎഫ് ഫോര്‍മാറ്റില്‍ ആയിരിക്കണം. (word doc, jpeg, png മുതലായ ഫോര്‍മാറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ അനുവദനീയമല്ല). അതിനാല്‍ നിങ്ങളുടെ കൈവശം ഇത്തരം ഫോര്‍മാറ്റിലുള്ള വിവരങ്ങളാണ് ഉള്ളതെങ്കില്‍ ഓണ്‍ലൈന്‍ പിഡിഎഫ് കണ്‍വേര്‍ട്ടര്‍ ഉപയോഗിച്ച് പിഡിഎഫ് ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുക. ഗൂഗിള്‍ ബാബ നിങ്ങള്‍ക്ക് സഹായകരമാകുന്ന ഒരു കണ്‍വേര്‍ട്ടര്‍ ആപ്ലിക്കേഷനാണ്.
b) ഫയലിന്റെ പേര് - ഫയലിന്റെ പേരില്‍ പ്രത്യേക ചിഹ്നങ്ങളൊന്നും നല്‍കാന്‍ അനുവദിക്കില്ല. ഹൈഫനും അണ്ടര്‍സ്‌കോറും മാത്രം അനുവദിക്കുന്നതാണ്. അതിനാല്‍ നിങ്ങളുടെ ഫയൽ നെയിമിൽ സ്പെയ്സ് ഉണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്യുക.
c) ഫയല്‍ സൈസ് - ഓരോ ഡോക്യുമെന്റിനും 1 MBയില്‍ താഴെ വലിപ്പമേ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ഫയല്‍ സൈസ് കുറയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് iOS-ലും Android-ലും ലഭ്യമായ ഏത് സൗജന്യ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാം. iOS-ല്‍ പിഡിഎഫ് കംപ്രസര്‍ ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കംപ്രസ് പിഡിഎഫ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
7. https://www.newdelhiairport.in/airsuvidha/apho-registration-ല്‍ ലോഗിന്‍ ചെയ്ത് യാത്രക്കാരന്റെ വിശദാംശങ്ങള്‍ ആദ്യം പൂരിപ്പിക്കുക. നിങ്ങളോടൊപ്പം കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍, ഫോമിന്റെ അവസാന ഭാഗത്ത് യാത്രക്കാരുടെ എണ്ണം ചേര്‍ക്കേണ്ടതുണ്ട്. തുടര്‍ന്ന് ഓരോരുത്തരുടെയും എല്ലാ വിശദാംശങ്ങളും വീണ്ടും പൂരിപ്പിക്കുക.
8. വാക്‌സിനേഷന്‍ എടുക്കേണ്ട പ്രായപരിധിയില്‍ വരാത്ത കുട്ടികളുടെ എന്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം എന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഒന്നുകില്‍ അത്തരം വിശദാംശങ്ങള്‍ പൂരിപ്പിക്കാതെ വിടാം. അല്ലെങ്കില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.
9. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും കൃത്യമായി പരിശോധിക്കുക. ഫോം ഒരു രജിസ്‌ട്രേഷന്‍ നമ്പറോ ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറോ നല്‍കാറുണ്ട്. അത് അപേക്ഷകന്റെ ഇമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യും.
10. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം ഫോമിന്റെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഉണ്ടായിരിക്കണം. അത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ ബോര്‍ഡിംഗ് പാസുകള്‍ നല്‍കൂ.
11. ബോര്‍ഡിംഗ് പാസുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് ഭയപ്പെടേണ്ടതില്ല.
റെയില്‍വേ സ്റ്റേഷനുകളില്‍ നാം ടിക്കറ്റിംഗ് ഏജന്റുമാരെ കാണാറുണ്ട്. ഭാവിയില്‍ ഈ പ്രക്രിയ സുഗമമാക്കുന്നതിന് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള ഏജന്റുമാര്‍ ഉണ്ടായേക്കാം. അതുവരെ, നിങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എയര്‍ സുവിധ സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിനെ കുറിച്ച് അറിയാത്ത യാത്രക്കാരോട് വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുക.
അപകട സാധ്യതയുള്ള രാജ്യത്ത് നിന്ന് വരുന്ന യാത്രക്കാരെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പരിശോധന പോസിറ്റീവ് ആണെങ്കില്‍ കര്‍ശനമായ ഐസൊലേഷന്‍ പ്രോട്ടോകോളുകള്‍ അവര്‍ പാലിക്കേണ്ടി വരും. ഫലം നെഗറ്റീവായാല്‍ 7 ദിവസത്തെ ഹോം ക്വാറന്റീനും ഉണ്ടായിരിക്കും.