'ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ല; കോട്ടയത്തും പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു': ഉമ്മൻചാണ്ടി

 


കോട്ടയം : രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ്ആ ക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത്, കോൺഗ്രസ് മുൻകൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോൺഗ്രസുകാർക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത് സിപിഎം പ്രവർത്തകരാണ്. വയനാട്ടിൽ എംപി ഓഫീസിലെ  ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്നലെ കോട്ടയത്ത് യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് പൊലീസുമായുള്ള തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ പൊലീസുകാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഡിവൈഎസ്‍പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

Previous Post Next Post