മധ്യപ്രദേശ് : മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രിലിമിനറി പരീക്ഷയില്‍ കശ്മീരിനെക്കുറിച്ച് ചോദിച്ച ചോദ്യം വിവാദമാകുന്നു. ഇന്ത്യ പാക്കിസ്ഥാന് കശ്മീര്‍ വിട്ട് നൽകണോ? എന്നതായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന്‍ (PSC) പുറത്താക്കിയിട്ടുണ്ട്. ജൂണ്‍ 19-ാം തീയതിയാണ് എംപിപിഎസ്സി പ്രിലിമിനറി പരീക്ഷ നടന്നത്. ചോദ്യം ഇങ്ങനെയായിരുന്നു, 'കശ്മീര്‍ പാക്കിസ്ഥാന് വിട്ട് നൽകാൻ ഇന്ത്യ തീരുമാനിക്കുമോ? വാദം 1: തീര്‍ച്ചയായും, ഈ തീരുമാനം കൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാനാകും. വാദം 2: ഇല്ല, സമാനമായ രീതിയിലുള്ള ആവശ്യങ്ങള്‍ ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ ചോദ്യത്തിന് 4 ഓപ്ഷനുകളായിരുന്നു ഉത്തരമായി നല്‍കിയിരുന്നത്. A) വാദം 1 ശക്തമാണ് B) വാദം 2 ശക്തമാണ്C) വാദം 1 ഉം 2 ഉം ശക്തമാണ് D) രണ്ട് വാദങ്ങളും ശക്തമല്ല
ചോദ്യം വിവാദമായതോടെ വിഷയത്തെ തള്ളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തു വന്നു. ചോദ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇവരെ പുറത്താക്കിയതായും മന്ത്രി വ്യക്തമാക്കി. ഇരുവരെയും ഭാവിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംസ്ഥാന പിഎസ്സിയ്ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സമീപ കാലത്തായി ചോദ്യപേപ്പര്‍ വിവാദം ഒരു സ്ഥിരം പ്രശ്‌നമായി മാറിയിട്ടുണ്ട്. രാജസ്ഥാന്‍ ബോര്‍ഡ് 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ സംസ്ഥാനത്തെ നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് 6 ചോദ്യങ്ങള്‍ വന്നത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു മിക്ക ചോദ്യങ്ങളും. പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചായ്‌വുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അസാധാരണമാണ്. സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമായിട്ടായിരുന്നു.
'ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?', 'കോണ്‍ഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക', '1984ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്ര സീറ്റ് നേടി?', 'ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടി ഏതാണ്?', '1971ലേത് കോണ്‍ഗ്രസിനെ ഭരണത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക' എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നു.
ഈ വര്‍ഷമാദ്യം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍, 2002 ലെ കലാപ സമയത്ത് ഗുജറാത്ത് ഭരിച്ചിരുന്ന പാര്‍ട്ടി ഏതെന്ന ചോദ്യം വന്നിരുന്നു. ചോദ്യം പിന്നീട് റദ്ദാക്കുകയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള മാര്‍ക്ക് നല്‍കുകയും ചെയ്തു. പുതിയ ചോദ്യപേപ്പര്‍ സംബന്ധിച്ച് ആര്‍ബിഎസ്ഇയില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ചോദ്യങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആ ചോദ്യത്തിനുള്ള മാര്‍ക്ക് നല്‍കേണ്ടിവരും.