വാരാണസി സ്ഫോടന പരമ്പര കേസ്; മുഖ്യപ്രതി വാലിയുല്ല ഖാന് വധശിക്ഷ


ഗാസിയബാദ്: വാരണാസി സ്ഫോടന പരമ്പര കേസില്‍  മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന്  വധശിക്ഷ വിധിച്ച് ഗാസിയാബാദ് കോടതി. 2006-ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് മുഹമ്മദ് വാലിയുള്ള ഖാന്‍. വാലിയുള്ള ഖാനെ കൂടാതെ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്തഫീസ്, സക്കറിയ, വസീര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായി കൊലപാതകം, കൊലപാതകശ്രമം, ആയുധങ്ങളുപയോഗിച്ച് ആക്രമിക്കല്‍, സ്‌ഫോടക വസ്തു നിയമം എന്നീ കുറ്റങ്ങളാണ് മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാനെതിരെ യുപി പോലീസ് ചുമത്തിയിരുന്നത്. ബംഗ്ലാദേശ് ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു കണ്ടെത്തിയിരുന്നു. വാലിയുള്ള ഖാന്‍ ആണ് സ്ഫോടന പരമ്പരയുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് കേസുകളിലായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2006 മാര്‍ച്ച് ഏഴിന് പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാണ് വാരാണസി നഗരത്തില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്കടുത്തുള്ള സങ്കട് മോചന്‍ ക്ഷേത്രത്തിലും വാരണസി റെയില്‍വേ സ്റ്റേഷനിലുമാണ് സ്‌ഫോടനം നടന്നത്.

Previous Post Next Post