ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച വിരോധത്തിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേർ അറസ്റ്റിൽ






പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം സ്വദേശി ശരത് (19), പടുതോട് സ്വദേശി വിശാഖ് (23) എന്നിവരാണ് പിടിയിലായത്.

ഫേസ്ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി വിശാഖ് ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ വിശാഖിന് അയച്ചുകൊടുത്തു. പിറ്റേന്ന്, യുവതി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നുതന്നെ ഇരുവരെയും പോലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള വിരോധം നിമിത്തം ശരത്തിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. സംഭവം പോലീസ് അറിഞ്ഞെന്നു മനസ്സിലായപ്പോൾ ഇയാൾ ശരത്തിനെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശപ്രകാരം, പ്രതികളുടെ ഫോണുകൾ, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ, പരിശോധനക്കയച്ചു.


Previous Post Next Post