കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഒമാസം തികയാറായെങ്കിലും അത് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കുടുംബ സന്ദര്‍ശക വിസയില്‍ എത്തിയ 20,000ത്തിലേറെ പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തുടരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് റെസിഡന്‍സി കാര്യ മന്ത്രാലയം അത് അനുവദിക്കുന്നത് പരിമിതപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആഭ്യന്തര മന്ത്രി കൂടിയായ ഒന്നാം ഉപപ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫാമിലി വിസിറ്റ് വിസ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്നോ പുതിയ നിയന്ത്രണങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നോ ഉള്ള കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ സമയപരിധി കഴിഞ്ഞാല്‍ കുവൈറ്റ് വിട്ടുപോവുന്നു എന്ന കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സറുടെ മേല്‍ ചുമത്തുന്നത് അടക്കമുള്ള ശക്തമായ നടപടികളോടെ മാത്രമേ ഇനി വിസ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ 250 ദിനാറിന് മുകളില്‍ ശമ്പളമുള്ള വിദേശ താമസക്കാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കാണ് കുവൈറ്റ് കുടുംബ സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. കൊവിഡിന് ശേഷം 500 ദീനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ വിസ അനുവദിക്കൂ എന്ന നിയന്ത്രണം കൊണ്ടുവന്നു. എന്നു മാത്രമല്ല, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഫാമിലി വിസിറ്റ് വിസ അനുവദിക്കൂ എന്നും നിബന്ധന വച്ചു. എന്നാല്‍ കഴിഞ്ഞ മാസം കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയായിരുന്നു.
വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം നല്‍കിയ വിശദീകരണം. എന്നാല്‍ നേരത്തെ ഫാമിലി വിസിറ്റ് വിസയില്‍ എത്തിയ 20,000ത്തിലേറെ പേര്‍ അനധികൃതമായി രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശകര്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കില്‍ സ്പോണ്‍സര്‍ക്ക് പിഴ ചുമത്തുകയും സര്‍ക്കാര്‍ സേവനങ്ങള്‍ വിലക്കുകയും ചെയ്യുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചനയെന്നും റെസിഡന്‍സി കാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, കുടുംബസന്ദര്‍ശനത്തിനുള്ള മൂന്നു മാസ കാലാവധിയുള്ള വിസയാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. വാണിജ്യാവശ്യാര്‍ത്ഥമുള്ള കമേഴ്‌സ്യല്‍ വിസിറ്റ് വിസകള്‍ ഇപ്പോഴും അനുവദിക്കുന്നുണ്ട്.