‘ഭാര്യയാകുമോ? പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം തരാം’; പ്രമുഖ വ്യവസായി ആലോചനയുമായി വന്നെന്ന് നടി നീതു ചന്ദ്ര.







മുംബൈ
: തന്റെ ഭാര്യയായാൽ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം തരാമെന്ന് പ്രമുഖ വ്യവസായി വാഗ്ദാനം ചെയ്തായി ബോളിവുഡ് നടി നീതു ചന്ദ്ര. വിനോദമാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീതുവിന്റെ വെളിപ്പെടുത്തൽ. 

‘വലിയ ചിത്രങ്ങളിൽ 13 ദേശീയ പുരസ്‌കാര ജേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴെനിക്ക് ഷൂട്ടിങ്ങില്ല. ഒരു വമ്പൻ വ്യവസായി പ്രതിമാസം 25 ലക്ഷം രൂപ തരാമെന്ന് പറഞ്ഞു. അയാളുടെ ഭാര്യയാകണം എന്നായിരുന്നു ആവശ്യം. എനിക്ക് പണമോ തൊഴിലോ ഇല്ല. ഉത്കണ്ഠയുണ്ട്. ഒരുപാട് ജോലികൾ ചെയ്ത ശേഷം ഇപ്പോൾ സ്വയം വേണ്ടാതായ പോലെ തോന്നുന്നു’ – നീതു പറഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞു. അയാളുടെ പേരു പറയില്ല. ഓഡീഷൻ കഴിഞ്ഞ് ഒരു മണിക്കൂറിന് അകമായിരുന്നു അയാളുടെ പ്രതികരണം- നടി കൂട്ടിച്ചേർത്തു.

2005ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡിൽ അരങ്ങേറുന്നത്. ചിത്രത്തിൽ എയർഹോസ്റ്റസിന്റെ വേഷമായിരുന്നു അവരുടേത്. 2011-ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. നെവർ ബാക്ക് ഡൗൺ: റിവോൾട്ട് എന്ന ഹോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 

Previous Post Next Post