ന്യൂയോര്‍ക്ക്: കൊവിഡ് - 19 മഹാമാരി ഉൾപ്പെടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകജനത കടന്നുപോകുന്നത്. അടുത്തിടെ നടന്ന ഒരു സർവേയിൽ ദൈവവിശ്വാസികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായത്. ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച ഗാളപ് സർവേയിലാണ് യുഎസിൽ ദൈവവിശ്വാസികളുടെ എണ്ണത്തിൽ 80 വർഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. എന്നാൽ ഇതിൻ്റെ കാരണങ്ങൾ എന്താണെന്ന് വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ മതനേതാക്കൾ.
എന്താണ് സർവേ ഫലം പറയുന്നത്?
മെയ് മാസം 2 മുതൽ 22 വരെ നടത്തിയ സർവേയുടെ ഫലമാണ് പുറത്തു വന്നത്. സർവേയിൽ പങ്കെടുത്ത 81 ശതമാനം പേരും പ്രതികരിച്ചത് തങ്ങൾ വിശ്വാസികളാണെന്നാണ്. എന്നാൽ 2017ൽ നടത്തിയ സർവേയിൽ ദൈവവിശ്വാസമുണ്ടെന്നു തുറന്നു പറഞ്ഞത് 87 ശതമാനം പേരായിരുന്നു. 1944 മുതൽ ഗാളപ് സർവേ നടത്തി വരുന്നുണ്ട്. എന്നാൽ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ദൈവവിശ്വാസികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഇവാഞ്ചലിസ്റ്റ് വിഭാഗങ്ങൾക്കും കത്തോലിക്കാ സഭയ്ക്കും വലിയ സ്വാധീനമുള്ള യുഎസിൽ നിരീശ്വരവാദികളുടെ എണ്ണം 19 ശതമാനമായി ഉയർന്നു എന്നത് ഈ മേഖലയിലെ വിദഗ്ധരും നോക്കിക്കാണുന്നത്. വെറുംപത്ത് വർഷം മുൻപ് നടത്തിയ സർവേയിൽ 92 ശതമാനം പേരും ദൈവവിശ്വാസികളായിരുന്നു എന്നതും ഇതിനോടു കൂട്ടിവായിക്കണം. തൊട്ടുമുൻപത്തെ വർഷങ്ങളിൽ നടന്ന സർവേയിൽ ദൈവവിശ്വാസികളുടെ ശതമാനത്തിൽ വന്ന ഇടിവിൻ്റെ തുടർച്ചയാണ് ഇക്കൊല്ലത്തെ സർവേ ഫലവും.
ദൈവവിശ്വാസം ഉപേക്ഷിക്കുന്ന ചെറുപ്പക്കാർ
ചെറുപ്പക്കാർക്കിടയിലും ഇടതുപക്ഷക്കാർക്കിടയിലുമാണ് ദൈവവിശ്വാസത്തിൽ കുത്തനെ ഇടിവുണ്ടായത്എന്നാണ് സർവേ വ്യക്തമാക്കുന്നത്. ഇവർക്കിടയിൽ ദൈവവിശ്വാസത്തിൽ 10 ശതമാനത്തിലേറെ കുറവുണ്ടായി. മറ്റു ചില ഉപവിഭാഗങ്ങളിലും ദൈവവിശ്വാസത്തിൽ ചെറിയ കുറവുണ്ടായി. എന്നാൽ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതികർക്കിടയിലും വിവാഹിതർക്കിടയിലും ദൈവവിശ്വാസം കൂടുതലാണ്. പുതിയ സർവേ ഫലത്തിലും ഇവരുടെ ശതമാനക്കണക്കുകളിൽ വലിയ വ്യത്യാസമില്ല.
ദൈവവിശ്വാസത്തോടു അധികം താത്പര്യമില്ലാത്ത വിഭാഗങ്ങൾക്കിടയിലാണ് ദൈവവിശ്വാസികളുടെ എണ്ണം വീണ്ടും ഇടിഞ്ഞിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിലെ 62 ശതമാനം ലിബറലുകൾ മാത്രമാണ് ദൈവവിശ്വാസികൾ. ചെറുപ്പക്കാരിൽ 32 ശതമാനം പേരും നിരീശ്വരവാദികളാണ്. ഡെമോക്രാറ്റ് പാർട്ടിക്കാർക്കിടയിൽ 72 ശതമാനം ദൈവവിശ്വാസികളുണ്ട്. കൺസർവേറ്റീവുകളിൽ 94 ശതമാനമാണ് വിശ്വാസികളുടെ എണ്ണം. യുഎസ് രാഷ്ട്രീയത്തിൽ മതം ഒരു നിർണായക ശക്തിയാണെന്ന റിപ്പോർട്ടിലെ പരാമർശത്തിന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.
അത്ഭുതമില്ലെന്ന് മതപണ്ഡിതർ
ജനങ്ങൾക്ക് ദൈവത്തിലുള്ള വിശ്വാസം കുറയുന്നതിൽ പല കാരണങ്ങളുണ്ടാകാമെന്നാണ് മതപണ്ഡിതര്‍ പറയുന്നത്. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മുതൽ യുവാക്കൾക്ക് മതപരമായ കാര്യങ്ങളിൽ താത്പര്യം കുറയുന്നതു വരെ ഇക്കൂട്ടത്തിൽ വരും.
ദൈവവിശ്വാസമില്ലെന്നു മാത്രമല്ല ആത്മീയമായ കാര്യങ്ങൾക്കായി ഒട്ടും സമയം നീക്കി വെക്കാൻ താത്പര്യമില്ലാത്തവരുടെ എണ്ണം യുഎസിൽ കൂടി വരികയാണെന്നാണ് ബാപ്റ്റിസ്റ്റ് പാസ്റ്ററും സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ അധ്യക്ഷനുമായ ബാര്‍ട്ട് ബാര്‍ബര്‍ പറയുന്നത്. ക്രിസ്ത്യാനിയാണെന്നു തുറന്നു പറയുകയും ദൈവവിശ്വാസമുണ്ടെന്നു ഉറപ്പിച്ചു പറയുകയും ചെയ്യുന്നവര്‍ക്കു പോലും പള്ളിയിലെത്താൻ ഇപ്പോൾ സമയമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകൾ വലിയ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ ഇടമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഇന്ത്യാനയിലെ ഫോര്‍ട്ട് വൈൻ കോൺകോര്‍ഡിയ തിയോളിക്കൽ സെമിനാരി പ്രസിഡന്‍റ് റവ. ലോറൻസ് ആര്‍ റാസ്റ്റ് ജൂനിയറിൻ്റെ അഭിപ്രായം. യുവാക്കൾക്കിടയിലെ നിരീശ്വരചിന്തകൾ തലമുറകൾ വഴി പടരുന്നുണ്ടെന്ന ആകുലതയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, സര്‍വേ ഫലത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല എന്നാണ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് തോമസ് ജെ ബിക്കര്‍ടണിൻ്റെ വാക്കുകൾ. ഇടവകാംഗങ്ങൾ മക്കളെ ദൈവവിശ്വാസത്തിൽ വളര്‍ത്താത്തതു മൂലം തലമുറകളോളം വിശ്വാസശോഷണം സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.