ജനീവ: ലോകരാജ്യങ്ങളിൽ കൂടുതൽ പേർക്ക് മങ്കി പോക്സ് പകരുന്നതിനിടെ രോഗനിയന്ത്രണത്തിനായി നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗക്കാർക്കാണ് മുന്നറിയിപ്പ്. കൂടുതൽ പേരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
സ്വവർഗാനുരാഗികളായ പുരുഷന്മാർക്കാണ് മങ്കി പോക്സ് ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതെന്നാണ് കണ്ടെത്തൽ. ഈ വിഭാഗക്കാരോട് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം മങ്കി പോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന വൈറസ് ബാധയുണ്ടാകാനുള്ള സാഹചര്യങ്ങൾ പരിമിതപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു.
"പുരുഷന്മാരുമയി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ തങ്ങളുടെ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണം. കൂടാതെ പുതിയ പങ്കാളികളെ കണ്ടെത്തുന്നതും നിത്തി വെക്കണം. കൂടാതെ ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്നവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും സൂക്ഷിച്ചു വെക്കണം." അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി പല ആഫ്രിക്കൻ രാജ്യങ്ങളിലും മങ്കി പോക്സ് കണ്ടുവരുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ആഫ്രിക്കയ്ക്ക് പുറത്ത് ഇത്രയധികം രാജ്യങ്ങളിൽ രോഗം പകരുന്നത്. ലൈംഗികബന്ധത്തിലൂടെയും അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം പകരുന്നത്. നിലവിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. രോഗികളിൽ പലരും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്ന പുരുഷന്മാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇതുവരെ 78 രാജ്യങ്ങളിലായി 18,000ത്തിലധികം പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചെന്ന് ബുധനാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 70 ശതമാനം കേസുകൾ യൂറോപ്പിലും 25 ശതമാനം കേസുകള്‍ അമേരിക്കൻ ഭൂഖണ്ഡങ്ങളിലുമാണ്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നാമമാത്രമായ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെയ് മാസം മുതൽ ആകെ അഞ്ച് മരണങ്ങളും രേഖപ്പെടുത്തി. അസുഖം ബാധിച്ചവരിൽ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ എത്തേണ്ടി വന്നത്.
അതേസമയം, പ്രധാനമായും ലൈംഗിക ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന രോഗത്തെപ്പറ്റിയുള്ള വെറുപ്പും അനാവശ്യ ആശങ്കകളും രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും തിരിച്ചടിയാകുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. മങ്കി പോക്സിൻ്റെ പേര് രോഗവുമായി ബന്ധപ്പെട്ട വംശീയാധിക്ഷേപത്തിനും അവഹേളനത്തിനും കാരണമാകുന്നുണ്ടെന്നും ഈ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നഗരസഭ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
മങ്കി പോക്സ് ആര്‍ക്കും വരാം
രോഗം ബാധിച്ചവരിൽ 98 ശതമാനവും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ട പുരുഷന്മാരായിരുന്നു എന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ കഴിഞ്ഞയാഴ്ച പുറത്തു വിട്ട പഠനത്തിൽ വ്യക്തമാക്കുന്നത്. 95 ശതമാനം കേസുകളും പടര്‍ന്നത് ലൈംഗികബന്ധത്തിലൂടെയായിരുന്നു. എന്നാൽ മങ്കി പോക്സ് ഒരു ലൈംഗികരോഗമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ശാരീരിക സമ്പര്‍ക്കമാണ് രോഗം പരക്കാനുള്ള കാരണമായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഒരു പ്രത്യേക വിഭാഗത്തെ ബാധിക്കുന്ന രോഗമല്ലെന്നും പരസ്പരം സ്പര്‍ശിച്ചാലോ ശരീരസ്വവങ്ങൾ വഴിയോ കിടക്കയോ തൂവാലയോ പങ്കുവെക്കുന്നതു വഴിയോ രോഗം ബാധിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.