ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ, ഉടമയ്ക്ക് കിട്ടിയ സന്ദേശം വഴിത്തിരിവായി; ഒടുവില്‍



മലപ്പുറം: ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ച സ്‌കൂട്ടര്‍ യാത്രികന് പിഴ ചുമത്തിയതിന് പിന്നാലെ നടന്ന അന്വേഷണം എത്തിയത് മോഷണക്കേസില്‍. 

കോഴിക്കോട് അത്തോളി സ്വദേശിയ്ക്കാണ് പൊലീസ് പിഴയിട്ടത്. എന്നാല്‍ ഫോണില്‍ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പ് മോഷണം പോയ തന്റെ സ്‌കൂട്ടറിനാണ് ഫൈന്‍ ഈടാക്കിയത് എന്ന് പറഞ്ഞ് കോതമംഗലം സ്വദേശി പരാതിയുമായി രംഗത്തുവന്നതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ചൊവ്വാഴ്ച രാവിലെ 10.40ന് മലപ്പുറം ടൗണിലാണ് സംഭവം. വണ്ടിയുടെ നമ്പറടക്കമുള്ള വിവരം ഇ-പോസ് മെഷിനില്‍ അപ്ലോഡ് ചെയ്ത് പൊലീസുകാര്‍ സ്‌കൂട്ടറുകാരന് നോട്ടീസ് നല്‍കി. ഇത് കൈപ്പറ്റി യുവാവ് പോയി. ഇതിനുശേഷമാണ് സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. എട്ടുമാസം മുമ്പ് മോഷണംപോയ തന്റെ സ്‌കൂട്ടറിനാണ് ഫൈന്‍ ഈടാക്കിയിരിക്കുന്നതെന്ന് പറഞ്ഞ് കോതമംഗലം സ്വദേശി പി എ സുധീര്‍ മലപ്പുറം ട്രാഫിക് സ്റ്റേഷനിലേക്ക് വിളിച്ചു.

സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ഇ-പോസ് മെഷിനില്‍ അപ്ലോഡ് ചെയ്ത സമയത്ത് വാഹനത്തിന്റെ ആര്‍സി ഓണറായ സുധീറിന്റെ ഫോണില്‍ മെസേജ് ലഭിക്കുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ കൂടി സുധീര്‍ അയച്ചുകൊടുത്തതോടെ ട്രാഫിക് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട്ട് വിലാസമാണ് യുവാവ് നല്‍കിയിരുന്നതെങ്കിലും രണ്ട് മണിക്കൂര്‍ കൊണ്ട് മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവിനെ പൊലീസ് പൊക്കി.

കോഴിക്കോട് സ്വദേശിയായ അജ്മലില്‍നിന്ന് 10,000 രൂപ കൊടുത്ത് വാങ്ങിയ സ്‌കൂട്ടറാണെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.


Previous Post Next Post