ജൂൺ 20 ന് ഒല്ലൂരിൽ വച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നാല് പ്രതികൾ പിടിയിലായത്. കൊടകര സ്വദേശി ബിനു, മലപ്പുറം സ്വദേശി സുബൈർ, മഞ്ചേരി സ്വദേശികളായ ഷിയാസ്, നിസാർ എന്നിവരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഇവർ സമാനമായ നിരവധി കേസുകളിൽ പ്രതികളാണിവർ. മാല മോഷണത്തിലൂടെ ലഭിക്കുന്ന പണം ഡൽഹി, ബാംഗ്ലൂർ, മുംബൈ എന്നീ നഗരങ്ങളിൽ ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും ഉല്ലാസ യാത്രക്കുമാണ് ഉപയോഗിക്കുന്നത്. ഇതിൽ ജാക്കി ബിനു എന്നറിയപ്പെടുന്ന ബിനു കുഴൽപ്പണ കേസുൾപ്പടെ പതിനഞ്ചോളം മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്. ബൈക്കുകളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ മോഷണത്തിന് ഇറങ്ങുന്നത്.
വിജനമായ സ്ഥലങ്ങൾ നോക്കിവച്ച് മാലപ്പൊട്ടിക്കലാണ് രീതി. വാഹനത്തിലിരുന്ന് തന്നെ ഇവർ വസ്ത്രവും മാറും. ഫേസ് ബുക്കിലും, ഒഎൽഎക്‌സ് വിൽപ്പനക്ക് പരസ്യം ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നമ്പരുകളാണ് ഇവർ ഉപയോഗിക്കുന്നത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്.