അബുദാബി/ റിയാദ്: വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനാകാതെ വലഞ്ഞ് പ്രവാസികള്‍. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധന ഉണ്ടായെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികള്‍ പ്രവാസികളില്‍ നിന്നും ഉയര്‍ന്ന തുക വാങ്ങുന്നത്.
അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ജൂണ്‍ മാസം നാല്‍പതിനായിരം രൂപ വരെയായി ഉയര്‍ത്തി. യാത്രാ നിരക്ക് കുറയ്ക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അവധി കഴിഞ്ഞ് പ്രവാസികള്‍ തിരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിക്കുന്നത് ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ്. കോഴിക്കോട് നിന്ന് ഓഗസ്റ്റ് മാസം ദുബായിലേക്ക് പോകണമെങ്കില്‍ കുറഞ്ഞത് 25,000 രൂപയെങ്കിലും ചിലവാക്കണം. കൂടാതെ ആഭ്യന്തര യാത്രാ നിരക്കുകളും നന്നായി കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത് ശതമാനം വര്‍ധനവാണ് ഉണ്ടായത്.
വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചിട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ നിരവധി പേരാണ് ഗള്‍ഫിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ നാട്ടില്‍ പോകാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. അതോടൊപ്പം വിമാനടിക്കറ്റിന് ലക്ഷങ്ങള്‍ കടം വാങ്ങിയും മറ്റും കുടുംബസമേതം നാട്ടില്‍ പോയവരുമുണ്ട്.
അതേസമയം, വിമാന ഇന്ധനവില ഉയര്‍ന്നതാണ് ടിക്കറ്റ് നിരക്ക് കാര്യമായി ഉയരാന്‍ കാരണമായി കമ്പനികള്‍ നല്‍കുന്ന വിശദീകരണം. വിമാന ഇന്ധനത്തിന് ജൂണ്‍ രണ്ടാം വാരം 16 ശതമാനം വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വിലയായി. കൂടാതെ, രൂപയുടെ മൂല്യ തകര്‍ച്ചയും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായി.