കൊച്ചി: വയനാട്ടില്‍ നിന്നു ഒന്നര വര്‍ഷം മുമ്പ് കാണാതായ യുവാവിനെ ആലുവയില്‍ തെരുവോരത്ത് കണ്ടെത്തി. മാനന്തവാടി കല്ലോടിയില്‍ ജോസ് ലീന ദമ്പതികളുടെ മകന്‍ ഷൈനെ(32)യാണ് സാമൂഹ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഒന്നരവര്‍ഷമായി മകന് വേണ്ടി പ്രാര്‍ഥനകളുമായി കഴിയുകയായിരുന്ന പിതാവും സഹോദരിയും വിവരമറിഞ്ഞ് എത്തി ഷൈനെ കൂട്ടിക്കൊണ്ടു പോയി.
എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിച്ച ഷൈന്‍ ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നു. ഒന്നര വര്‍ഷം മുമ്പ് കാന്‍സര്‍ രോഗം ബാധിച്ചു അമ്മ ലീന മരിച്ചതിന്റെ രണ്ടാം ദിവസം വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഷൈന്‍.
എറണാകുളത്ത് എത്തിയ ഷൈന്‍ ഒന്നര വര്‍ഷം അലഞ്ഞു നടന്നു. മുടിയും താടിയും നീട്ടി വളര്‍ത്തി ആളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായി. കോവിഡ് കാലം ആയതിനാല്‍ പലപ്പോഴും ഭക്ഷണം ലഭിച്ചില്ല. കുളിക്കാതെ മുഷിഞ്ഞ വസ്ത്രങ്ങളുമായി മാനസിക രോഗിയെ പോലെ അലഞ്ഞ ഇയാള്‍ ക്രമേണ അവശനിലയിലായി. ഇതിനിടെ ഷൈന്റെ കാലിലുണ്ടായ ചെറിയ മുറിവ് പഴുത്ത് വലിയ വ്രണമായി മാറി.
തീര്‍ത്തും ശോചനീയമായ സാഹചര്യത്തില്‍ ആലുവ നെടുമ്പാശേരി ഭാഗത്ത് വെച്ച് ഇയാളെ കണ്ട ജോസ് എന്നയാളാണ് വിവരം സാമൂഹ്യ പ്രവര്‍ത്തകനായ തെരുവോരം മുരുകനെയും മറ്റ് അധികൃതരെയും അറിയിക്കുന്നത്. ചെങ്ങമനാട് പോലീസും സന്നദ്ധ പ്രവര്‍ത്തകരും കൂട്ടത്തോടെ എത്തിയതോടെ ചകിതനായ ഷൈന്‍ ഓടി രക്ഷപ്പെടാന്‍ശ്രമിച്ചു.