പാലക്കാട്: ചിന്തൻ ശിബിരത്തിൽ വെച്ച് സംസ്ഥാന നേതാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ പരാതി സംസ്ഥാന നേതൃത്വം പൊലീസിന് കൈമാറുന്നില്ല. മദ്യപിച്ചെത്തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ പരാതിക്കാരിയായ പെൺകുട്ടി പ്രശ്നം സംഘടന പരിഹരിക്കുമെന്നാണ് പറയുന്നത്. പരാതി പൊലീസിന് കൈമാറാൻ സംഘടനയുടെ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിൽ എംഎൽഎ പോലും തയ്യാറാകുന്നില്ല.
പാലക്കാട് സിപിഎം നേതാവും എംഎൽഎയുമായിരുന്ന ശശിക്കെതിരെ പീഡന പരാതി ഉയർന്ന ഘട്ടത്തിൽ, ഇത് പൊലീസിന് കൈമാറാതിരുന്നതിനെ ഷാഫി പറമ്പിൽ ചോദ്യം ചെയ്തിരുന്നു. ഇതേ ഷാഫി പറമ്പിൽ സംസ്ഥാന അധ്യക്ഷനായ യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ വെച്ചാണ് വനിതാ നേതാവ് സഹപ്രവർത്തകനെതിരെ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയത്.
യൂത്ത് കോൺഗ്രസിന്റെ പരിശീലന ക്യാമ്പായിരുന്നു ഇത്. ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിർവാഹക സമിതി അംഗമായ വിവേക് ആർ നായർ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ആവർത്തിച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിവേക് ആർ നായർക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്. അതിനർത്ഥം വിവേക് ആർ നായർ മുൻപും സമാനമായ കുറ്റം ചെയ്തുവെന്നാണ്. എന്നാൽ ഷാഫി പറമ്പിൽ അടക്കമുള്ളവർ യുവതിയുടെ പരാതി പൊലീസിന് കൈമാറിയില്ല. എംസി ജോസഫൈൻ പാർട്ടി കോടതി പരാമർശം നടത്തിയപ്പോഴും യൂത്ത് കോൺഗ്രസ് നേതാക്കൾ വലിയ തോതിൽ അതിനെ കളിയാക്കുകയും വിമർശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
സംഭവത്തിൽ പെൺകുട്ടിയും പ്രതികരിക്കാൻ തയ്യാറല്ല. വിഷയത്തിൽ പാർട്ടിയും സംഘടനയും തീരുമാനമെടുക്കുമെന്നും തനിക്കൊന്നും പറയാനില്ലെന്നുമാണ് പ്രതികരണം തേടിയപ്പോൾ പെൺകുട്ടി നൽകിയ മറുപടി. യൂത്ത് കോൺഗ്രസിനാകെ നാണക്കേടായി മാറിയ സംഭവം നിയമ നടപടികൾക്കായി കൈമാറേണ്ടതാണ്. പരാതിയിൽ ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കുന്നത്. മദ്യപിച്ചെത്തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുടെ പകർപ്പ് പ്രചരിക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണോ പരാതിയെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ചിന്തൻ ശിബിരത്തിനകത്ത് നടന്ന കാര്യങ്ങൾ ഇതിനകത്ത് പറയുന്നുമുണ്ട്.
വിവേക് ശിബിരത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളോടും മോശമായി പെരുമാറിയിരുന്നു. രണ്ട് പ്രശ്നവും കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ അനുസരിച്ച് ദേശീയ സെക്രട്ടറിയാണ് വിവേകിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്