ജീവനെങ്കിലും ബാക്കി വേണം; എല്ലാം ഉപേക്ഷിച്ച് പോകാനൊരുങ്ങി ആറളത്തെ ആദിവാസി കുടുംബങ്ങൾ

 


കണ്ണൂർ: വീട്ടിന് ചുറ്റുമുള്ള കൃഷിയിടങ്ങൾ കാട്ടാനകൾ താവളമാക്കിയതോടെ ആറളം ഫാമിൽ വർഷങ്ങളായി താമസമാക്കിയ ആദിവാസി കുടുംബങ്ങൾ വീടും കൃഷിയിടവും ഉപേക്ഷിച്ച് ജന്മ നാടുകളിലേക്ക് തിരിച്ച് പോകാൻ ഒരുങ്ങുകയാണ്. ഫാമിൽ 12 വർഷം മുൻപ് ഒരേക്കർ വീതം ഭൂമി ലഭിച്ച കുടുംബങ്ങളാണ് കാട്ടാന ശല്യം കാരണം പൊറുതിമുട്ടി കഴിയുന്നത്. വീടിനോടടുത്ത് കൃഷിയിടത്തിൽ വിവിധ ഇനം കൃഷികൾ നടത്തി പച്ച പിടിച്ചുപോരുന്ന കുടുംബങ്ങളാണ് കഴിഞ്ഞ രണ്ട് ആഴ്ചയിൽ അധികമായി ഉറക്കമളച്ച് ഭയത്തോടെ ജീവിക്കുന്നത്. പുനരധിവാസ മേഖലയിലെ പതിനൊന്ന് പന്ത്രണ്ട് വാർഡുകളിലാണ് ഇപ്പോൾ കാട്ടാനകൾ തമ്പടിച്ച് കൃഷികൾ നശിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനകൂട്ടം എത്തി കൃഷി നശിപ്പിച്ചതോടെ ഇനി സ്ഥലം ഉപേക്ഷിച്ചു പോവുക എന്നതല്ലാതെ മറ്റ് എന്ത്‌ ചെയ്യണം എന്ന ആശങ്കയിലാണ് താമസക്കാർ. സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അടക്കം പകൽ സമയങ്ങളിൽ പോലും ആന ഭീതിയിൽ ആണ് യാത്ര ചെയ്യുന്നത്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മുഴുവൻ സമയങ്ങളിലും കാട്ടാനകൾ ഇവിടങ്ങളിൽ വിഹരിച്ചു കൊണ്ടിരിക്കയാണ്. ഇതിനൊരു ശാശ്വത പരിഹാരം ആനമതിൽ മാത്രമാണ്. എന്നാൽ സർക്കാരിന്റെ തീരുമാനങ്ങളിൽ നീണ്ടുപോകുന്ന ആനമതിൽ പ്രാവർത്തികമായി വരുമ്പോഴേക്കും ഇവിടെയുള്ള പല ജീവനുകളും നഷ്ടപ്പെട്ടിരിക്കും എന്നാണ് നാട്ടുകാർ പറയുന്നത്.

ഫാമും ജനവാസ മേഖലയും അതിർത്തി പങ്കിടുന്ന കീഴ്പ്പള്ളി ടൗണിന്റെ ഭാഗമായ കക്കുവപ്പുഴയുടെ തീരങ്ങളോട് ചേർന്നുള്ള ഭൂമിയിലാണ് ഇപ്പോൾ പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ എത്തുന്നത്. ഹൈക്കോടതിപോലും അംഗീകരിച്ച ആനമതിൽ നിർമാണം തുരങ്കം വെക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Previous Post Next Post