1980 ൽ ജനിച്ച അക്ഷത മൂർത്തി 2009 ലാണ് റിഷി സുനകിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. അക്ഷതയും റിഷിയും സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് പഠിച്ചിരുന്നത്. ഇരുവരുടേയും സൗഹൃദം പതിയേ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അക്ഷത തന്നെയാണ് അച്ഛനോട് റിഷിയെ കുറിച്ച് പറയുന്നത്. റിഷിയെ കണ്ടതിന് ശേഷം തനിക്ക് എന്താണ് തോന്നിയതെന്ന് ഒരിക്കൽ നാരായണ മൂർത്തി അക്ഷതയ്ക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
“ ആദ്യം റിഷിയെ കണ്ടപ്പോൾ നീ പറഞ്ഞത് പോലെ തന്നെ ബുദ്ധിമാനും, സുന്ദരനും, അതിലേറെ സത്യസന്ധനുമാണെന്ന് മനസിലായി. നിന്റെ ഹൃദയം കവർന്നെടുക്കാൻ അവനെ നീ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി “ – നാരായണ മൂർത്തി കുറിച്ചത് ഇങ്ങനെ. 2009ൽ ബംഗളൂരുവിൽ വച്ച് ചെറിയ ചടങ്ങിലാണ് ഇരവരും വിവാഹിതരായത്. തുടർന്ന് ലീലാ പാലസിലെ ദ ബോൾറൂമിൽ റിസപ്ഷൻ നടന്നിരുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. കൃഷ്ണയും അനൗഷ്കയും.