രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐയല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്






കൽപ്പറ്റ : രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്‌എഫ്‌ഐക്ക് പങ്കില്ലെന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌ വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപി, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി, ക്രൈംബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ വെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധി ചിത്രം ആദ്യം നിലത്തു വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ തെളിവായി ചേര്‍ത്തിട്ടുണ്ട്.

24ന് ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് അക്രമം നടന്നത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പോയ ശേഷം 4 മണിക്ക് പൊലീസ് ഫൊട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്. തുടര്‍ന്ന് ഫൊട്ടോഗ്രഫര്‍ താഴേക്ക് ഇറങ്ങുമ്ബോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലേക്കു കയറിപ്പോയി.

വീണ്ടും നാലരയ്ക്ക് ഫൊട്ടോഗ്രഫര്‍ മുകളിലെത്തി എടുത്ത ചിത്രങ്ങളില്‍, ഓഫിസില്‍ ആ സമയം യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. ഫയലുകള്‍ വലിച്ചുവാരി ഇട്ടിരുന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ​ഗാന്ധി ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് കോണ്‍​ഗ്രസ് ആരോപിക്കുന്നത്.


Previous Post Next Post