വോയ്‌സ്, വീഡിയോ കോളുകള്‍ സൗജന്യം; ഗോചാറ്റ് മെസഞ്ചറുമായി യുഎഇ ഇത്തിസാലാത്ത്


ദുബായ്: സൗജന്യമായി വോയ്‌സ് കോള്‍ ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള മൊബൈല്‍ ആപ്പുമായി യുഎഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസാലാത്ത്. ഒരു മൊബൈല്‍ നമ്പറുണ്ടെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗോചാറ്റ് മെസഞ്ചര്‍ എന്ന ആപ്പാണ് യുഎഇയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ഇത്തിസാലാത്ത് ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വഴി പണം അയക്കാനും ബില്ലുകള്‍ അടയ്ക്കാനും ഗെയിമുകള്‍ കളിക്കാനും സാധിക്കും. ഇതിനു പുറമെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വാര്‍ത്തകള്‍ അറിയാനും സാധിക്കുന്ന രീതിയില്‍ ഓള്‍ ഇന്‍ വണ്‍ ആപ്പായിട്ടാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സമൈല്‍ വൗച്ചറുകള്‍ സ്വന്തമാക്കാനും വീടുകളില്‍ വച്ച് പിസിആര്‍ പരിശോധനാ സേവനം ലഭ്യമാക്കാനും ശുചീകരണ തൊഴിലാളികളെ ബുക്ക് ചെയ്യാനും മറ്റും ഇതില്‍ സംവിധാനമുണ്ട്. ഉപഭോക്താക്കള്‍ മികച്ച കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇത്തിസാലാത്ത് അറിയിച്ചു. കോവിഡ് കാലം മുതല്‍ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകള്‍ക്കുണ്ടായ സ്വീകാര്യതയാണ് ഇത്തരമൊരു ഉദ്യമത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Previous Post Next Post