തിരുവനന്തപുരം: ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദീലീപിനെതിരെ മാനനഷ്ടത്തിന് കേസെടുത്തു. നവംബര്‍ ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം. ഇതിനായി സമന്‍സ് അയച്ചു. നടിയെ ആക്രമിച്ച കേസെടുക്കുന്നതിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ആണെന്ന് ദിലീപ് ആരോപിച്ചതിനെതിരെയാണ് പരാതി.
നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്ത് നടപടിയാരംഭിച്ചിരിക്കുന്നത്. 2018 ലാണ് ലിബര്‍ട്ടി ബഷീര്‍ തലശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസ് താനും മഞ്ജു വാര്യരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണെന്നും, താന്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപ് ഇന്റര്‍വ്യൂകളിലും മറ്റും പറഞ്ഞിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ഇക്കാര്യം കോടതികളില്‍ നല്‍കിയ ജാമ്യഹര്‍ജികളിലും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപിനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെയും, മഞ്ജു വാര്യര്‍, എഡിജിപി സന്ധ്യ, അഡ്വ മിനി തുടങ്ങിയവരുടെ പേരില്‍ ദിലീപും കൂട്ടരും സ്വന്തമായി വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കി, അവര്‍ക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. ഈ തെളിവും കോടതിക്ക് കൈമാറിയതായി ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.