ദില്ലി: പൊതുസ്ഥാനാർത്ഥിയെ ഇറക്കി എൻഡിഎയെ (NDA) സമ്മർദ്ദത്തിലാക്കാനുള്ള പ്രതിപക്ഷത്തിൻ്റെ എല്ലാ നീക്കങ്ങളും പാളുന്ന കാഴ്ചയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ (President Election) കണ്ടത്. കക്ഷികൾക്കിടയിലെ അഭിപ്രായ ഭിന്നത സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസത്തെയും ബാധിച്ചു. പ്രതിപക്ഷത്തിന് തുടര്‍ച്ചയായി തിരിച്ചടി കിട്ടുന്ന സാഹചര്യത്തിൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളെ വെല്ലുവിളിയില്ലാതെ നേരിടാനാവും എന്നത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടും.
യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. എന്‍ഡിഎ ഇതര കക്ഷികളെ ഒപ്പം ചേര്‍ത്ത് ലക്ഷ്യം കൈവരിക്കാമെന്ന പ്രതീക്ഷ പക്ഷേ തുടക്കത്തിലേ പാളി. മമത ബാനര്‍ജി സ്വന്തം നിലയിൽ മുൻകൈയ്യെടുത്ത് ആദ്യ യോഗം വിളിച്ചത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇഷ്ടപ്പെട്ടില്ല. ശരദ് പവാറിന്‍റെ പേര് മമത നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഫറൂക്ക് അബ്ദുള്ള, ഗോപാല കൃഷ്ണ ഗാന്ധി പേരുകള്‍ പലത് മാറി മറിഞ്ഞതിനൊടുവില്‍ മുൻപ് ബിജെപി നേതാവായിരുന്ന യശ്വന്ത് സിന്‍ഹ സ്ഥാനാര്‍ത്ഥിയായി എത്തി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടിയോഗം ദ്രൗപദി മുര്‍മ്മുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം കൂടുതല്‍ പ്രതിസന്ധിയിലായി. തുടക്കത്തില്‍ അന്‍പത് ശതമാനത്തിൽ താഴെയായിരുന്നു ദ്രൗപദി മുര്‍മ്മുവിനുണ്ടായിരുന്ന വോട്ട് മൂല്യം. മുര്‍മുവിനെ എതിര്‍ത്താൽ തിരിച്ചടിയാകുമെന്ന് കണ്ട് ജെഎംഎം, ജനതാദള്‍ എസ് തുടങ്ങിയ കക്ഷികളുടെ മനം മാറി.
മഹാരാഷ്ട്രയിലെ പ്രശ്നങ്ങളില്‍ ശിവസേനയും കാലുമാറി. ബംഗാളിലേക്ക് വരേണ്ടെന്ന് യശ്വന്ത് സിന്‍ഹയോട് മമതക്ക് പറയേണ്ടിവന്നത് കടുത്ത ആശയക്കുഴപ്പത്തിന്‍റെ തെളിവായി. പോരാടാനുള്ള ആത്മവിശ്വാസം പിന്നീട് യശ്വന്ത് സിന്‍ഹക്കും നഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്, ഇപ്പോൾ സമീപകാലത്തെ ഏറ്റവും ശക്തമായ പരാജയവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
2024-ൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യമായ ഭീഷണിയുണ്ടാവില്ലെന്ന സന്ദേശമാണ് പ്രതിപക്ഷത്തെ ഈ അനൈക്യത്തിലൂടെ ലഭിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ മേധാവിത്വം നിലനിര്‍ത്തുന്നത് കൂടിയാണ് ഈ ഫലം. മോദി - അമിത്ഷാ കൂട്ടുകെട്ട് ആഗ്രഹിച്ച വ്യക്തി രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍ ഈ രാഷ്ട്രീയ അജണ്ടയുമായി മുന്‍പോട്ട് പോകാമെന്ന സന്ദേശം കൂടിയാണ് ബിജെപിക്ക് കിട്ടുന്നത്.