'മോദിയെ കുടുക്കി ഗുജറാത്ത് സർക്കാരിനെ അട്ടിമറിക്കാൻ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തി': പൊലീസ്


അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കി സർക്കാരിനെ അട്ടിമറിക്കാൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന ആരോപവുമായി ഗുജറാത്ത് പൊലീസ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോടതിയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് രംഗത്തെത്തിയത്. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തുകൊണ്ടാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പിരിച്ചുവിടാൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിർദ്ദേശപ്രകാരം നടത്തിയ "വലിയ ഗൂഢാലോചന"യുടെ ഭാഗമാണ് ടീസ്റ്റ സെതൽവാദനെയും അന്വേഷണസംഘം കോടതിയെ അറിയിച്ചു. സെഷൻസ് കോടതിയിൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറുന്നത്. എന്നാൽ, അഹമ്മദ് പട്ടേലിനെതിരായ ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി.

അഡീഷണൽ സെഷൻസ് ജഡ്ജി ഡി ഡി തക്കർ എസ്ഐടിയുടെ മറുപടി രേഖപ്പെടുത്തി ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ച മാറ്റി. ഗുജറാത്ത് കലാപക്കേസുകളിൽ നിരപരാധികളെ കുടുക്കാൻ കൃത്രിമ തെളിവുകൾ ചമച്ചുവെന്ന കുറ്റത്തിനാണ് മുൻ ഐപിഎസ് ഓഫീസർമാരായ ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കൊപ്പം സെതൽവാദും അറസ്റ്റിലായത്.

"ഈ വലിയ ഗൂഢാലോചന നടത്തുമ്പോൾ അപേക്ഷകയുടെ (സെതൽവാദ്) രാഷ്ട്രീയ ലക്ഷ്യം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുകയോ അസ്ഥിരപ്പെടുത്തുകയോ ആയിരുന്നു.... ഗുജറാത്തിലെ നിരപരാധികളെ തെറ്റായി പ്രതികളാക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് പകരം അവർ പ്രതിപക്ഷമായ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് നിയമവിരുദ്ധമായ സാമ്പത്തിക ആനുകൂല്യങ്ങളും പ്രതിഫലങ്ങളും നേടിയതായും എസ്ഐടിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

അന്തരിച്ച അഹമ്മദ് പട്ടേലിന്റെ നിർദ്ദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്ന് ഒരു സാക്ഷിയുടെ മൊഴി ഉദ്ധരിച്ച് എസ്ഐടി പറഞ്ഞു. 2002ലെ ഗോധ്ര കലാപത്തിന് ശേഷം പട്ടേലിന്റെ നിർദേശപ്രകാരം സെതൽവാദ് 30 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു.

ബിജെപി സർക്കാരിലെ മുതിർന്ന നേതാക്കളുടെ പേരുകൾ കലാപക്കേസുകളിൽ ഉൾപ്പെടുത്താൻ ഡൽഹിയിൽ അക്കാലത്ത് അധികാരത്തിലിരുന്ന പ്രമുഖ ദേശീയ പാർട്ടിയുടെ നേതാക്കളെ സെതൽവാദ് കാണാറുണ്ടായിരുന്നുവെന്നും എസ്ഐടി അവകാശപ്പെട്ടു.

എന്തുകൊണ്ടാണ് പാർട്ടി “ശബാനയ്ക്കും ജാവേദിനും മാത്രം അവസരം” നൽകുന്നതെന്നും തന്നെ രാജ്യസഭാംഗമാക്കാത്തതെന്നും 2006ൽ ഒരു കോൺഗ്രസ് നേതാവിനോട് സെതൽവാദ് ചോദിച്ചതായി മറ്റൊരു സാക്ഷിയെ ഉദ്ധരിച്ച് അത് അവകാശപ്പെട്ടു. കഴിഞ്ഞ മാസം, ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കും സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പൊലീസ് സെതൽവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീകുമാറിനും ഭട്ടിനുമൊപ്പം ഐപിസി സെക്ഷൻ 468 (വ്യാജരേഖ ചമയ്ക്കൽ), 194 (കുറ്റം ചുമത്തുക എന്ന ഉദ്ദേശത്തോടെ തെറ്റായ തെളിവ് നൽകുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരം ടീസ്റ്റ് സെതൽവാദിനെതിരെ കേസെടുത്തു.

ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ്

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പൗരാവകാശ പ്രവർത്തക ടീസ്റ്റ സിതൽവാദിന് ധനസഹായം നൽകിയെന്നും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ഗുജറാത്ത് പോലീസിന്‍റെ ആരോപണം "കെട്ടിച്ചമച്ചതാണെന്ന്" കോൺഗ്രസ് വ്യക്തമാക്കി.

2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും കുതന്ത്രത്തിന്റെ ഭാഗമാണിത്. ഈ കൂട്ടക്കൊല നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സില്ലായ്മയും കഴിവില്ലായ്മയുമാണ് അന്ന് മോദിയെ നയിച്ചത്. അടൽ ബിഹാരി വാജ്‌പേയി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ധർമ്മത്തെക്കുറിച്ച് ഓർമ്മിപ്പിക്കേണ്ടിവന്നു,” കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

തന്റെ രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെപ്പോലും വെറുതെവിടാത്ത പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ തന്ത്രമാണിതെന്നും പ്രസ്താവനയിൽ കോൺഗ്രസ് പറയുന്നു. “ഈ പ്രത്യേക അന്വേഷണ സംഘം അതിന്റെ രാഷ്ട്രീയ യജമാനന്റെ താളത്തിൽ നൃത്തം ചെയ്യുന്നു, പറഞ്ഞിടത്തെല്ലാം ഇരിക്കും. മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് ശേഷം എസ്ഐടി മേധാവിക്ക് നയതന്ത്ര ചുമതല നൽകിയത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം,” ജയറാം രമേശ് പറഞ്ഞു.

Previous Post Next Post