നാഗ്പൂരിലെ സാവ്‌നർ തഹ്‌സിലിലാണ് അപകടമുണ്ടായത്. വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയം ഉൾപ്പെടുന്നു.
“എട്ട് യാത്രക്കാരുമായി എത്തിയ എസ്‌യുവി കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ പാലത്തിന് മുകളിലൂടെ ശക്തിയായി വെള്ളമെത്തിയതോടെ കാർ ഒഴുകിപ്പോയി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് മൂന്ന് പേരെ കാണാതായിട്ടുണ്ട്”- പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. റോഷ്‌നി ചൗകിദാർ (32), ദർശ് ചൗകിദാർ (10), എസ്‌യുവി ഡ്രൈവർ ലീലാധർ ഹിവാരെ (38) എന്നിവരാണ് മരിച്ചത്. മധുകർ പാട്ടീൽ (65), ഭാര്യ നിർമല (60), നീമു ആറ്റ്‌നർ (45) എന്നിവരെയാണ് കാണാതായത്.
ജൂൺ ഒന്നു മുതൽ ജൂലൈ 10 വരെ മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ 83 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. മുംബൈയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 12 മരണങ്ങളും നാഗ്പൂരിൽ നാല് മരണങ്ങളും രേഖപ്പെടുത്തി.