കൊളുത്തും സിപ്പും മുറിച്ചെടുത്തു; ഒറ്റക്കൈ കൊണ്ട് പിടിച്ച് പരീക്ഷയെഴുതി; ആഷിക്കിൻ്റെ കൈയ്യിൽ ഇന്നുമുണ്ട് 'നീറ്റ്' മുറിച്ച ജീൻസ്


വാകത്താനം: നീറ്റല്ലാത്ത നീറ്റിന്റെ പരിഷ്‌കാരങ്ങളില്‍ വിദ്യാര്‍ഥികള്‍ വലഞ്ഞ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ജീന്‍സിന്റെ മെറ്റല്‍ കൊളുത്തും സിപ്പും അഴിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഒരു കൈ പാന്റിലും ഒരു കൈ പേപ്പറിലും വച്ച് പരീക്ഷയെഴുതിയ ഓര്‍മ്മയിലാണ് വാകത്താനം സ്വദേശിയായ വിദ്യാര്‍ഥി. വാകത്താനം സ്വദേശിയായ ആഷിക് മാണിയാണ് അത്ര നീറ്റല്ലാതെ നീറ്റ് പരീക്ഷ എഴുതി മടങ്ങിയത്. 2018 ല്‍ നീറ്റ് എഴുതിയ ആഷിക് മാണിയാണ് വികലാംഗനായ ജീന്‍സിനൊപ്പം പരീക്ഷയെഴുതി മടങ്ങിയത്. 

ആഷിക് പറയുന്നു...


'നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 നീറ്റ് പരീക്ഷ എഴുതുന്നതിന് വേണ്ടി ആഷിക് മാണി എന്ന ഞാന്‍ കോട്ടയത്തു നിന്നും എന്റെ മാതാപിതാക്കളോടൊപ്പം പോയി. നീറ്റ് പരീക്ഷ എഴുതുന്നതിനായി കോലഞ്ചേരി സെന്റ് പോള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ കയറിയപ്പോള്‍, പരിശോധിച്ച സമയത്ത് ഇട്ടിരുന്ന ജീന്‍സ്, സിപ്, കൊളുത്ത് ഇവ മെറ്റല്‍ ആണെന്നും പറഞ്ഞുകൊണ്ട് അത്രയും ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റി'.

'മുറിഞ്ഞ ജീന്‍സ് ധരിച്ചുകൊണ്ട് പരീക്ഷയെഴുതി. ബെല്‍റ്റ് ധരിച്ചിരുന്നില്ല, അതുകൊണ്ട് ഊരി പോകാതിരിക്കാന്‍ രണ്ടു കൈകൊണ്ടും താങ്ങി നിര്‍ത്തുകയായിരുന്നു. പിന്നീട്, ഉപയോഗിക്കാന്‍ പറ്റാത്ത വിധം അതിനെ മുറിച്ചു മാറ്റിയെങ്കിലും ഓര്‍മ്മയില്‍ ഒരു ദുഃഖമായി തീര്‍ന്നതിനാല്‍ ആ ജീന്‍സ് ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. ആയതിന്റെ ഫോട്ടോ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. സിപ് ഉള്ള ജീന്‍സ് ധരിച്ച് പരീക്ഷ എഴുതിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മുമ്പില്‍ നില്‍ക്കുന്നു', ആഷികിന്റെ വാക്കുകള്‍.
Previous Post Next Post