തിരുവനന്തപുരം: പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശം വധശ്രമ ഗൂഢാലോചനയ്ക്കു തെളിവായി കാണാനാവില്ലെന്ന് കോടതി. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനാ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
ശബരീനാഥന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് പ്രതിഷേധത്തിനുള്ള ആഹ്വാനമായി മാത്രമേ കാണാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെ വധശ്രമ ഗൂഢാലോചനയ്ക്കുള്ള തെളിവായി കാണാനാവില്ല. മറ്റു പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഗൂഢാലോചനയ്ക്കു മതിയായ തെളിവു ലഭിച്ചെന്നു കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കെഎസ് ശബരീനാഥന്‍ മുന്‍ എംഎല്‍എയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. അതുകൊണ്ടുതന്നെ ഒളിവില്‍ പോവുമെന്നു കരുതുന്നില്ലെന്നും ജാമ്യം അനുവദിക്കുന്നതിനു കാരണമായി കോടതി പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വാട്ട്‌സ്ആപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.