കാട് വെട്ടിത്തെളിക്കുന്നതിനിടെ മൺകൂനയിൽ ശിവലിംഗം, അത്ഭുതപ്പെട്ട് നാട്ടുകാർ, 1200 ഓളം പഴക്കമുണ്ടെന്ന് സൂചന


കാസർകോട്: കാട് വെട്ടിത്തെളിക്കുന്നതിനിടെ കാസർകോട് അതിപുരാതനമായ ശിവലിംഗം കണ്ടെത്തി. കയ്യൂർ ക്ലായിക്കോട് വീരഭദ്ര ക്ഷേത്രത്തിനു സമീപത്തു നിന്നു പറമ്പ് ശുചീകരിക്കുന്നതിനിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുളള ശിവലിംഗം കണ്ടെത്തിയത്. അതോടൊപ്പം ഓടിന്റെയും ജാമിതീയ ആകൃതിയിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെയും അവശിഷ്ടങ്ങളും ശിവലിംഗം കണ്ട മൺകൂനയിലുണ്ടായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തിയ സ്വർണ പ്രശ്‌നത്തിൽ ഒരു ശിവക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചിരുന്നു. അങ്ങനെയാണ് സമീപത്തുള്ള ഒരു സ്വകാര്യവ്യക്തിയുടെ പാമ്പിനെ കാടുവെട്ടിത്തെളിച്ച് തീരുമാനിച്ചത്. അപ്പോഴാണ് മണ്ണിൽ പൂട്ടികിടക്കുന്ന ശിവലിംഗം കണ്ടെത്തിയതെന്നു നാട്ടുകാരനായ ഗോപാലകൃഷ്ണൻ പറയുന്നു.

അതേസമയം വർഷങ്ങൾക്ക് മുൻപ് ഇവിടെ പുരാതനമായ മഹാക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാകാം ഇതെന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. കണ്ടെത്തിയ ശിവലിംഗത്തിന് 1200 വർഷം പഴക്കമുണ്ടെന്ന് കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകരായ ഡോ. നന്ദകുമാർ കോറോത്ത്, സിപി രാജീവൻ എന്നിവർ പറയുന്നു. എട്ടാം നൂറ്റാണ്ടിന് മുൻപ് നിർമിക്കപ്പെട്ട ആരാധന രൂപങ്ങളോട് സാമ്യത ഉള്ളതാണ് ക്ലായിക്കോടുള്ള ശിവലിംഗം.

ആ കാലത്തെ ശിവലിംഗങ്ങൾ ഇന്നുള്ളതിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞാണ്. പുരാവസ്തു വകുപ്പിന്റെ ഇടപെടലിലൂടെ ഒരു നാടിന്റെ ആരാധന സമ്പ്രദായത്തിന്റെ കാല നിർണയം നടത്താനാകുമെന്ന് ചരിത്ര അധ്യാപകർ അഭിപ്രായപ്പെടുന്നു. ശിവലിംഗം കണ്ടെത്തിയതറിഞ്ഞ് നിരവധി ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. എന്തായാലും ശിവലിംഗ സംരക്ഷിച്ച് ക്ഷേത്രം പണിയാനാണ് നാട്ടുകാരുടെയും ഭക്തരുടെയും നീക്കം.

أحدث أقدم