ബാങ്കോക്ക്: തായ്‌ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. തെക്ക് - കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ നിശാക്ലബിലാണ് ദാരുണമായ സംഭവമുണ്ടായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നൈറ്റ്‌സ്‌പോട്ടിൽ പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ്‌ലൻഡ് പൗരന്മാരാണ്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ക്ലബിൽ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീ പടർന്നതോടെ സ്ത്രീകളടക്കമുള്ളവർ ചിതറിയോടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പലരുടെയും വസ്ത്രങ്ങളിലേക്ക് തീ പടർന്നിരുന്നു. പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡി.ജെ പാർട്ടി നടക്കുന്ന സ്ഥലത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്തി.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ക്ലബ്ബിൻ്റെ ഭിത്തികളിൽ സ്ഥാപിച്ചിരുന്ന അക്കോസ്റ്റിക് സാധനങ്ങൾക്ക് തീപിടിച്ചതാണ് തീ അതിവേഗത്തിൽ പടരാൻ കാരണമായതെന്ന് സവാങ് റോജനാത്തമ്മസതൻ റെസ്‌ക്യൂ ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച പറഞ്ഞു. നിശാക്ലബിലടക്കം ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്.
