മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്; നീരൊഴുക്ക് ശക്തം; ഇടുക്കിയിലും ജലവിതാനം താഴുന്നില്ല


 
ഇടുക്കി


ചെറുതോണി(ഇടുക്കി): അണക്കെട്ടുകള്‍ തുറന്നിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.86 അടിയായി. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ തുറന്നു വെച്ചിട്ടുള്ള ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. 

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുതോണിപ്പുഴയിലും, പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 140 അടിയോട് അടുക്കുകയാണ്. നിലവില്‍ ജലനിരപ്പ് 139.55 അടിയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ ഏഴായിരത്തോളം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിടുമെന്നാണ് സൂചന. 

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയില്‍ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകള്‍ മാറി താമസിച്ചു. പെരിയാറിലേക്ക് കൂടുതല്‍ ജലം എത്തിയതോടെ തീരവാസികള്‍ ആശങ്കയിലാണ്. 

Previous Post Next Post