വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ… തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം


സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികളിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ച് കേരള സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിഹരിക്കണമെന്നും ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയ് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു.

എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 18-ന് അവസാനിച്ചപ്പോൾ, മരിച്ചവർ, താമസം മാറിയവർ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷം പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. സംസ്ഥാനത്ത് 2.78 കോടി വോട്ടർമാരുണ്ടെങ്കിലും പലർക്കും ബിഎൽഒമാർ വഴി ഫോമുകൾ ലഭിച്ചിട്ടില്ല. വിതരണം ചെയ്യാത്ത ഫോമുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തത് വീഴ്ചയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2002-ന് ശേഷം വോട്ടവകാശം ലഭിച്ചവരെ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ‘മാപ്പിങ്’ പ്രക്രിയ പലയിടത്തും പൂർത്തിയായിട്ടില്ല. തിരുവനന്തപുരം ശ്രീവരാഹം 138-ാം നമ്പർ ബൂത്തിൽ 1200 പേരിൽ 704 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പോലുള്ള അസ്വാഭാവികമായ കുറവുകൾ ഗൗരവമായി പരിശോധിക്കണമെന്ന് കത്തിൽ പറയുന്നു.

ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീട്ടി നൽകണം. ഒഴിവാക്കപ്പെട്ട വോട്ടർമാരുടെയും മാപ്പിങ് നടക്കാത്തവരുടെയും പട്ടിക ബൂത്ത് തലത്തിലും മണ്ഡല തലത്തിലും അടിയന്തരമായി പരസ്യപ്പെടുത്തണം. വിവരങ്ങൾ പരിശോധിക്കാനും തിരുത്തലുകൾ വരുത്താനുമുള്ള അവസരം രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും നൽകണം. വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ സുപ്രീം കോടതിയും വിവിധ രാഷ്ട്രീയ കക്ഷികളും നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post