കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കാസർകോടും യെല്ലോ അലർട്ടുണ്ട്. കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റർ. റെഡ് അലർട്ടിന് സമാനമായ മഴയാണ് ഇത്.
കഴിഞ്ഞ 12 മണിക്കൂറിനിടയിലെ മഴ
കുമരകം — 148.5 mm
തൈക്കാട്ടുശ്ശേരി (ആലപ്പുഴ)– 99.5 mm
ചൂണ്ടി (എറണാകുളം)– 80.5 mm
പള്ളുരുത്തി (എറണാകുളം) — 72 mm
കളമശ്ശേരി (എറണാകുളം) — 71 mm
എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരം, കലൂർ, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. മെട്രോ സ്റ്റേഷന് എതിർവശം പെട്രോൾ പമ്പിന്റെ മേൽക്കൂര കനത്ത കാറ്റിലും മഴയത്തും തകർന്നു വീണു. കലൂരിൽ ഉൾപ്പെടെ വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു.
ആലപ്പുഴയിലും കനത്ത മഴയുണ്ട്. അപ്പർ കുട്ടനാട്ടിലും ലോവർ കുട്ടനാട്ടിലും മഴ ശക്തമാണ്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ 3 ക്യാമ്പുകൾ തുടങ്ങി. നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയത്തും മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.