ഓടുന്ന കാറിൽ റോഡിലൂടെ വലിച്ചിഴച്ചു; കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ ക്രൂരമർദ്ദനം


കൊല്ലം: ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരുടെ ക്രൂര മര്‍ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.

ടോൾ ആവശ്യപ്പെട്ട ജീവനക്കാരനെ വാഹനം മുന്നോട്ട് എടുത്ത് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ കുരീപ്പുഴ സ്വദേശി അരുൺ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കാവനാട് ബൈപ്പാസിലെ എമർജൻസി ഗേറ്റിലൂടെ ടോൾ നൽകാതെ കടന്ന് പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ടോൾ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും കാർ യാത്രികൻ വാഹനത്തിന് പുറത്ത് എത്തി അരുണിനെ കയ്യേറ്റം ചെയ്തു. വനിതാ ജീവനക്കാർ ചെറുക്കാൻ എത്തിയതോടെ വാഹനത്തിനുള്ളിൽ കയറിയ ശേഷം അരുണിനെ കഴുത്തിന് പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് വാഹനം മുന്നോട്ട് ഓടിക്കുകയായിരുന്നു.

അരുണിനെ ഓടുന്ന കാറില്‍ റോഡിലൂടെ ഏറെ ദൂരം പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് അരുണ്‍ പറഞ്ഞു.

അതേസമയം അരുണിനെ ആക്രമിച്ച കാർ യാത്രികരെ ഉടൻ പിടികൂടുമെന്ന് അഞ്ചാലുംമൂട് പോലീസ് വ്യക്തമാക്കി. സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പോലീസ് അറിയിച്ചു.

أحدث أقدم