ലേഡീസ് ക്വാട്ട സീറ്റുകള്‍ ഇഷ്ടാനുസരണം എടുക്കാം; 'സിംഗിള്‍ ലേഡി ബുക്കിങ്' സിസ്റ്റവുമായി കെഎസ്ആര്‍ടിസി




തിരുവനന്തപുരം: തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിത യാത്ര ഒരുക്കുന്നതിനായി സിം​ഗിൾ ലേഡി ബുക്കിങ് സിസ്റ്റവുമായി കെഎസ്ആർടിസി. ഇതിലൂടെ ഒരു സ്ത്രീ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്റെ അടുത്ത് വരുന്ന സീറ്റും സ്ത്രീകൾക്ക് മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നതാവും. 

നിലവിൽ ഓൺലൈൻ റിസർവേഷൻ ഉള്ള കെഎസ്ആർടിസി ബസുകളിൽ മൂന്നു മുതൽ ആറു വരെ സീറ്റുകൾ ആണ് സ്ഥിരമായി സ്ത്രീ യാത്രക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ സ്ത്രീകൾ പലപ്പോഴും റിസർവ് ചെയ്യാതെ സൗകര്യമായ വിന്റോ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇതിലൂടെ വനിതാ റിസർവേഷൻ സീറ്റുകൾ ഒഴിഞ്ഞ് കിടക്കും.

എന്നാൽ ഒറ്റക്ക് റിസർവ് ചെയ്ത ജനറൽ സീറ്റിലെ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷൻമാർ റിസർവ്വ് ചെയ്തോ ടിക്കറ്റെടുത്തോ ഇരിക്കുകയും ചെയ്യുന്നു. ഇവിടെ പുരുഷന്മാരുടെ ഭാ​ഗത്ത് നിന്നും സ്ത്രീയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായ പരാതികൾ പലപ്പോഴും വരാറുണ്ട്. 

സിം​ഗിൾ ലേഡി ബുക്കിങ് സിസ്റ്റത്തിലൂടെ റിസർവേഷൻ ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും യോഗ്യമായ സീറ്റ് സ്ത്രീകൾക്ക് മാത്രമായ സീറ്റുകളായി പുനർ നിർണ്ണയിക്കുകയും തൊട്ടടുത്ത സീറ്റും സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ലേഡീസ് ക്വാട്ടാ സീറ്റുകൾ സ്ത്രീകൾക്ക് ഇഷ്ടാനുസരണം സെലക്ട് ചെയ്യാം. 
Previous Post Next Post