ഡൽഹി: ഒരു കാലത്ത് ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു. 2023-ൽ ആഗോളതലത്തിൽ ബേബി പൗഡർ വിൽക്കുന്നത് നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു. യുഎസിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തലാക്കി വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ തീരുമാനം.
2020-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെസാന്നിധ്യം പൗഡറിൽ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോൺസണിന് നേരിടേണ്ടി വന്നത്. 38,000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്.
ക്യാൻസറിന് കാരണമാകുമെന്ന് പ്രചരിച്ചതോടെ കമ്പനിയുടെ ഡിമാൻഡ് കുറഞ്ഞു. ഇതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.
പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പൗഡർ ക്യാൻസറിന് കരണമാകില്ല എന്ന് ജോൺസൺ കമ്പനി തെളിയിച്ചിട്ടിട്ടുണ്ട്. എന്നാൽ ചില കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്.
2019 ഒക്ടോബറിൽ കുട്ടികൾക്കുള്ള 33,000 ബോട്ടിൽ പൗഡർ ജോൺസൺ ആന്റ് ജോൺസൺ തിരികെ വിളിച്ചിരുന്നു. ആസ്‌ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൗഡർ തിരിച്ച് വിളിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. ക്യാൻസറിന് പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ്. കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്കുംഇത് കാരണമായേക്കും.
