'എന്റെ മോനെ അവര്‍ കൊന്നു, എനിക്കിനി ആരുമില്ല. രണ്ടാമത്തെ മകനെയും അവര്‍ കൊല്ലും', മകന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകേട്ട് ഇര്‍ഷാദിന്റെ അമ്മ പറഞ്ഞു. 'പണം ഉണ്ടെന്ന് കരുതി എന്തും കളിക്കാമെന്ന് കരുതരുത്. മോന്റെ ജീവനെടുത്തവരെ വെറുതെ വിടരുത്. നല്ല ശിക്ഷ കൊടുക്കണം. നഫീസയുടെ വാക്കുകള്‍ കരച്ചിലിനിടയില്‍ ഇടയ്ക്കിടെ മുറിഞ്ഞു. എന്റെ രണ്ടാമത്തെ മകനും ദുബായിലാണ്. അവനെയും അവര്‍ ഒരു ദിവസം പിടിച്ചുകൊണ്ടു പോയതാണ്. അവനെയും അവര്‍ കള്ളക്കേസില്‍ കുടുക്കും', ഉമ്മ പറഞ്ഞു.
'നല്ല നീന്തല്‍ അറിയുന്നവനാണ് ഇര്‍ഷാദ്. നല്ല വെള്ളമുള്ളിടത്തും അവന്‍ നീന്തിക്കയറും. അവന്‍ ഒരിക്കലും മുങ്ങിമരിക്കില്ല. സ്വര്‍ണക്കടത്തു സംഘം കൊന്നുകൊണ്ടു വന്നിട്ടതാകാനെ വഴിയുള്ളൂ', ഉപ്പ നാസര്‍ പറയുന്നു. 'കുറ്റക്കാരെയെല്ലാം പിടികൂടാന്‍ നിയമത്തിനായില്ലെങ്കില്‍ ഞാന്‍ തന്നെ അതിനായി ഇറങ്ങേണ്ടി വരും. ഇനിയൊരു മക്കള്‍ക്കും ഈ ഗതി ഉണ്ടാകരുത്. മേപ്പയ്യൂരിലെ ദീപക്കിന്റെ കുടുംബത്തിന് സംശയം ഉണ്ടായിട്ടും വേഗം തന്നെ സംസ്‌കാരം നടത്തിയത് എന്തിനാണെന്ന ചോദ്യവും കുടുംബം ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനാ ഫലം വരുന്നത് വരെയെങ്കിലും കാത്തിരിക്കാമായിരുന്നില്ലേയെന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കള്‍ ചോദിക്കുന്നു.
ജൂലൈ ആറിനാണ് പന്തിരീക്കര സ്വദേശി ഇര്‍ഷാദിനെ കാണാതാകുന്നത്. തുടര്‍ന്ന്, സ്വര്‍ണക്കടത്തു സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയതെന്ന് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
