നേര്യമംഗലം മത്തായി വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 25 പേർക്ക് പരിക്കേറ്റു.








ഇടുക്കി :
കെ എസ് ആര്‍ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഹൈറേഞ്ച് വാളറ കുളമാക്കൂടി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം മത്തായി വളവിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.

 അടിമാലിയില്‍നിന്ന് മൂന്നാര്‍ വഴി എറണാകുളത്തേക്ക് വന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. വലിയ മരത്തില്‍ തട്ടിനിന്നതിനാല്‍ ബസ് വലിയ അപകടത്തില്‍നിന്ന് രക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

പുലര്‍ച്ചെ അടിമാലിയില്‍നിന്ന് യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസെന്ന്   യാത്രക്കാർ പറഞ്ഞു. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഗണണ്‍ ആര്‍ കാര്‍ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോൾ  നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.

ഓണാവധി കഴിഞ്ഞ് കോളേജും സ്കൂളും തുറക്കുന്ന ദിവസമായതിനാല്‍ ബസിനുള്ളില്‍ നല്ല തിരക്കായിരുന്നു. അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തെക്കുറിച്ച്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയും അപകടത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി.
Previous Post Next Post