ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; 2 പേരെ കാണാതായി


ആലപ്പുഴ: തട്ടാരമ്പലത്തിൽ നിന്നും മാന്നാറിലേക്ക് പോകുന്ന റോഡിന് കുറുകെയുള്ള വലിയ പെരുമ്പുഴപ്പാലത്തിന് താഴെ പള്ളിയോടം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ചെന്നിത്തല പള്ളിയോടം അപകടത്തിൽ പെട്ടത്. ശക്തമായ ഒഴുക്കിൽപെട്ടാണ് പള്ളിയോടം മറിഞ്ഞത്. വലിയപെരുംപുഴ പരിയാരത്ത് വീട്ടിൽ സതീശന്റെ മകൻ ആദിത്യനാണ് മരിച്ചത്. 2 പേരെ കാണാതായിട്ടുണുമുണ്ട്. ഇവർക്കായി തെരച്ചിൽ ശക്തമാക്കി. നാളെയാണ് ആറന്മുള ഉത്രട്ടാതി വള്ളം കളി. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണ് ചെന്നിത്തല കരയുടെ പള്ളിയോടം രാവിലെ 8 മണിയോടെ പുറപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പള്ളിയോടം മറിയുകയായിരുന്നു. പള്ളിയോടത്തിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും സംശയമുണ്ട്. ഒഴുക്ക് ശക്തമായതിനാൽ കാണാതായവർക്കായുളള തെരച്ചിൽ ദുഷ്കരമാണ്. പോലീലും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.


Previous Post Next Post