കോലാപ്പൂര്‍: ഗണേശോത്സവം കൂടുതൽ കളറാക്കാൻ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനേത്തുടര്‍ന്ന് കോലാപ്പൂരിൽ 65 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലെ നേത്ര രോഗ വിദഗ്ദ്ധരുടെ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായി ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരേ ചൂണ്ടിക്കാട്ടി.
‘ലേസര്‍ ലൈറ്റുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ചില ആളുകള്‍ മണിക്കൂറുകളോളംലൈറ്റിനു നേരെ നിന്നു നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളിലെ റെറ്റിനയില്‍ രക്തസ്രാവത്തിനും അത് വഴി കാഴ്ച്ച നഷ്ടത്തിനും കാരണമായി,’ എന്ന് ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്ക് കാഴ്ച്ച പോയി. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ പറഞ്ഞു.
‘കണ്ണിനുള്ളിൽ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍, എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. സര്‍ജറി നടത്തേണ്ടി വരും. പക്ഷെ, ചികിത്സാച്ചെലവ് വളരെ കൂടുതലാണ്,’ ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ‘ലേസര്‍ ലൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്‌സില്‍ താഴെ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ലൈറ്റുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ കുറേ നേരം ഫോക്കസ് ചെയ്ത് വെയ്ക്കാന്‍ പാടില്ല. കണ്ണിലേക്ക് ലേസര്‍ അടിക്കരുത് എന്നീ കാര്യങ്ങള്‍ നിർദേശത്തിൽ ഉണ്ടായിരുന്നു . പക്ഷെ, ഓപ്പറേറ്റര്‍മാര്‍ പ്രദക്ഷിണത്തിനിടെ പരമാവധി തീവ്രത കൂട്ടിയാണ് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത്,’ ഡോ. അഭിജിത് ടഗാരേ കൂട്ടിച്ചേര്‍ത്തു