സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീന്‍ സഭയുടെ കീഴിലുള്ള ഒരു പള്ളി !

കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നത് എന്ന് അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി അധികൃതര്‍ പറയുന്നു.

പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല. ഇത് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി നടപ്പിലാക്കുന്നത്.

ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമായിരുന്നു ഇത്തരത്തില്‍ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നത് വൈകിക്കും. ഈ സാഹചര്യത്തില്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയത്തിന് രൂപം നല്‍കിയത്. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതി നടപ്പിലാക്കിയത്.

പുതിയ സംസ്‌കാര രീതിക്കായി അര്‍ത്തുങ്കല്‍ ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. 33 കുടുംബ യൂണിറ്റിലും ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചാണ് പുതിയ രീതി നടപ്പാക്കിയത് എന്ന് അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി അധികൃതര്‍ പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ അംഗീകാരവും പുതിയ രീതിക്ക് ലഭിച്ചിട്ടുണ്ട്.

പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാനും കഴിയും. മരണാനന്തര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ സ്റ്റീല്‍ പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകള്‍ക്ക് നല്‍കും. തുടർന്ന് ഇതിൽ മൃതദേഹം പള്ളിയിൽ എത്തിച്ചു സെമിത്തേരിയില്‍ കുഴിവെട്ടി അതില്‍ തുണി വിരിച്ച് പൂക്കള്‍ വിതറിയാണ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം അടക്കം ചെയ്യുക.

പലപ്പോഴും വന്‍ തുക മുടക്കിയാണ് ആളുകള്‍ ശവപ്പെട്ടികള്‍ വാങ്ങുന്നത്. എല്ലാ പെട്ടികള്‍ക്കും പ്ലാസ്റ്റിക് ആവരണവും ഉണ്ടാകാറുണ്ട്. പുതിയ രീതി നടപ്പാക്കുന്നതോടെ എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്
Previous Post Next Post