ആലപ്പുഴ:പുന്നമടക്കായലിനെ കീറിമുറിച്ച് ജലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ജലോത്സവത്തിന് സാക്ഷികളാകാൻ ആയിരങ്ങൾ എത്തും. ആഴ്ചകളായി നടന്നുവന്ന പരിശീലനത്തിനൊപ്പം പോളിഷ് ചെയ്തിറക്കുന്ന വള്ളങ്ങളും കൂടിയാകുമ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന മത്സരമാകും നടക്കുക.
മഴയ്ക്കോ വെയിലിനോ തളർത്താനാകാത്ത പോരാട്ട വീര്യം പുറത്തെടുക്കാൻ അവസാനഘട്ട ഒരുക്കങ്ങളും നടത്തി ക്ലബ്ബുകൾ തയാറായി. നെഹ്റു ട്രോഫി ആര് സ്വന്തമാക്കുമെന്ന് വൈകിട്ട് അഞ്ചരയോടെ അറിയാം.ഇന്ന് രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്കു ശേഷമാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഫൈനൽ വൈകിട്ട് 4ന് ശേഷം. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
നെഹ്റു ട്രോഫി വള്ളംകളി കാണാൻ പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തി. കായലിലേക്ക് പ്ലാസ്റ്റിക് കുപ്പികളോ മറ്റു മാലിന്യങ്ങളോ വലിച്ചെറിയരുത്.
ആലപ്പുഴ നഗരത്തിൽ ഇന്ന് രാവിലെ മുതൽ ജനറൽ ആശുപത്രി ജംക്‌ഷനു വടക്കുവശം മുതൽ കൈചൂണ്ടി ജംക്‌ഷൻ, കൊമ്മാടി ജംക്‌ഷൻ വരെ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. രാവിലെ മുതൽ വൈകിട്ട് 7 വരെ ജില്ല കോടതി വടക്കേ ജംക്‌ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംക്‌ഷൻ വരെ ഗതാഗതം നിരോധിച്ചു. വൈഎംസിഎ തെക്കേ ജംക്‌ഷൻ മുതൽ കിഴക്ക് അഗ്നിരക്ഷാസേന നിലയം വരെയുള്ള ഭാഗത്ത് കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കില്ല.
തണ്ണീർമുക്കം ഭാഗത്തുനിന്നു വരുന്നവർ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തു നിന്നു വരുന്നവർ കൊമ്മാടി ശവക്കോട്ടപ്പാലം വടക്കേ ജംക്‌ഷൻ വഴി എസ്ഡിവി സ്കൂളിൽ എത്തി പാർക്ക് ചെയ്യണം. കൈതവന ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കാർമൽ, സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.